നാഗ്പൂര്‍: ആര്‍ട്ടിക്കിള്‍ 370 ന്‍റെ പേരില്‍ പാക്കിസ്ഥാന്‍ എന്തെങ്കിലും നടപടിയെടുത്താല്‍ അതിന് ചുട്ട മറുപടി ഇന്ത്യ നല്‍കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ എപ്പോഴും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഓര്‍മ്മിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പേരില്‍ പാക്കിസ്ഥാന്‍ അസ്വസ്ഥരാണെന്നും അതുകൊണ്ടുതന്നെ എന്തെങ്കിലും ആക്രമണങ്ങള്‍ക്ക് അവര്‍ പദ്ധതിയിടുമെന്നും അദ്ദേഹം പറഞ്ഞു. 


അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ ഇന്ത്യ നോക്കിയിരിക്കില്ല ചുട്ട മറുപടിതന്നെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ബാലാക്കോട്ടിനേക്കാള്‍ ശക്തിയേറിയ തിരിച്ചടികള്‍ക്ക് ഇന്ത്യ പദ്ധതിയിടുന്നതായി ഇമ്രാന്‍ ഖാന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പാക്‌സൈനിക വൃത്തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നുമുള്ള ഇമ്രാന്‍ ഖാന്‍റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു രവിശങ്കര്‍ പ്രസാദ്.  


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സുരക്ഷിതമാണ്. രാജ്യ സുരക്ഷ സംബന്ധിച്ച് അതീവ ശ്രദ്ധയാണ് ഇന്ത്യയ്ക്കുള്ളത്. പാക് ഭീകരരുടെ ചെറിയ ആക്രമണത്തിന് പോലും ചുട്ട മറുപടിയായിരിക്കും ഇന്ത്യ നല്‍കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


രാജ്യത്തിന്റെയും കശ്മീര്‍ ജനതയുടെയും താല്‍പര്യ പ്രകാരമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 370 നിലനിന്നിരുന്ന സമയത്ത് അഴിമതി തടയുന്നതിനോ, ശൈശവ വിവാഹം തടയുന്നതിനോ ഇവിടെ നിയമം ഉണ്ടായിരുന്നില്ല. 


കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് കശ്മീര്‍ ജനതയുടെ വികസനത്തിനാണെന്നും അത് അവര്‍ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.