പാക്കിസ്ഥാന് ഇന്ത്യയുടെ ആദ്യ പ്രഹരം; ഇറക്കുമതി തീരുവ ഇരട്ടിയാക്കി
സൗഹൃദരാഷ്ട്ര പദവി എടുത്തു കളഞ്ഞതിനു പിന്നാലെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തീരുവയേക്കാള്‍ ഇരട്ടിതുക ഇന്ത്യ പാക്കിസ്ഥാനില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ ഇന്ത്യ കൂട്ടി. 200 ശതമാനമായാണ് കസ്റ്റംസ് തീരുവ ഇന്ത്യ വര്‍ധിപ്പിച്ചത്.
സൗഹൃദരാഷ്ട്ര പദവി എടുത്തു കളഞ്ഞതിനു പിന്നാലെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തീരുവയേക്കാള്‍ ഇരട്ടിതുക ഇന്ത്യ പാക്കിസ്ഥാനില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്.
പാക്കിസ്ഥാനുമായുള്ള സൗഹ്യദ രാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചതോടെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തില്‍ പാക്കിസ്ഥാന് ലഭിച്ചിരുന്ന നികുതിയളവുകള്‍ പൂര്‍ണ്ണമായും ഇല്ലാതായിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനം വര്‍ധിപ്പിക്കുകയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഗാട്ട് കരാറനുസരിച്ച് വ്യാപാരബന്ധത്തിന് ഇളവുകള്‍ നല്‍കുന്ന ‘സൗഹൃദരാഷ്ട്ര’പദവി ഇന്ത്യ റദ്ദാക്കിയത്. 1996 ലാണ് ഇന്ത്യ പാക്കിസ്ഥാന് സൗഹൃദരാഷ്ട്ര പദവി നല്‍കിയത്.
പഴങ്ങള്‍, സിമന്റ്, പെട്രോളിയം ഉത്പന്നങ്ങള്‍, ധാതുക്കള്‍, തുകല്‍ എന്നിങ്ങനെ നിരവധി ഉല്‍പ്പന്നങ്ങളാണ് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നത്. 3482 കോടിയുടെ ഉല്‍പന്നങ്ങളാണ് 2017-18ല്‍ കയറ്റുമതി ചെയ്തിരുന്നത്.
കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിച്ചതോടെ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഈ ഉല്‍പ്പന്നങ്ങളുടെ വരവ് മന്ദഗതിയില്‍ ആകും. വാണിജ്യപരമായും സാമ്പത്തികമായും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് തീരുവ കൂട്ടല്‍. ഇന്ത്യയുടെ ഈ നടപടി പാക്കിസ്ഥാന് വന്‍ തിരിച്ചടിയുണ്ടാക്കും.