Afghanistan: അഫ്ഗാനിസ്ഥാൻ വിഷയത്തിൽ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം വിളിക്കാനൊരുങ്ങി ഇന്ത്യ; പാകിസ്ഥാനും ക്ഷണമുണ്ടെന്ന് റിപ്പോർട്ടുകൾ
ഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ന്യൂഡൽഹി: അഫ്ഗാൻ വിഷയത്തിൽ ഇന്ത്യ വിവിധ രാജ്യങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്തമാസം ഇന്ത്യ നാഷണൽ സെക്യൂരിറ്റി അഡ്വൈസർമാരുടെ യോഗം വിളിച്ചേക്കുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പാകിസ്ഥാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും പാകിസ്ഥാന്റെ സുരക്ഷാ ഉപദേഷ്ടാവ് മൊയ്ദ് യൂസഫിനെ യോഗത്തിലേക്ക് ക്ഷണിച്ചതായാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കുന്നതിന് മുൻപ് തന്നെ അഫ്ഗാൻ വിഷയത്തിൽ എൻഎസ്എ യോഗത്തിന് ഇന്ത്യ നീക്കങ്ങൾ നടത്തിയിരുന്നതായാണ് റിപ്പോർട്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇത് നീട്ടിവയ്ക്കുകയായിരുന്നു. പിന്നീട് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കി.
എൻഎസ്എ തലത്തിലുള്ള കോൺഫറൻസിൽ പങ്കെടുക്കാനുള്ള ക്ഷണം പാകിസ്ഥാൻ സ്വീകരിച്ചാൽ നിലവിലെ പാകിസ്ഥാൻ സുരക്ഷാ ഉപദേഷ്ടാവ് മൊയ്ദ് യൂസഫിന്റെ ഇന്ത്യയിലെ ആദ്യ സന്ദർശനമാകും ഇതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സമ്മേളനത്തിൽ താലിബാൻ പ്രതിനിധികളെ പങ്കെടുപ്പിച്ചേക്കില്ല. ഈ സാഹചര്യത്തിൽ യോഗത്തിൽ പങ്കെടുക്കുന്നത് പാകിസ്ഥാന്റെ നയത്തിന് വിരുദ്ധമാകും.
താലിബാൻ ഭരണത്തെ അംഗീകരിക്കുമോയെന്ന ചോദ്യത്തിൽ, അഫ്ഗാൻ ജനതയ്ക്കൊപ്പം നിൽക്കുമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. അഫ്ഗാൻ പ്രദേശം തീവ്രവാദത്തിന്റെ ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി മോദി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ALSO READ: India-China Border issue: നിർദേശങ്ങൾ അംഗീകരിക്കാതെ ചൈന, 13ാം ഘട്ട കമാൻഡർ തല ചർച്ച പരാജയം
ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ ദോഹയിലെ താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവി ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനക്സായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓഗസ്റ്റ് 31നാണ് കൂടിക്കാഴ്ച നടത്തിയത്. താലിബാന്റെ അഭ്യർത്ഥനപ്രകാരം ദോഹയിലെ ഇന്ത്യൻ എംബസിയിൽ കൂടിക്കാഴ്ച നടന്നതായാണ് റിപ്പോർട്ടുകൾ. താലിബാൻ പ്രതിനിധിയുമായി കൂടിക്കാഴ്ച നടന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പിന്നീട് സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...