ചൈനയിലെ വിമാനാപകടത്തിൽ ഇന്ത്യയിലും ജാഗ്രത; ബോയിങ് യാത്ര ഇനി സുരക്ഷിതമോ?
ചൈനയിലെ വിമാനാപകടത്തിന് പിന്നാലെ ജാഗ്രത ശക്തമാക്കി ഇന്ത്യയും. ബോയിങ് വിമാനങ്ങൾ സുരക്ഷിതമാണോ എന്ന ചർച്ച ഇപ്പോൾ ഉയരുകയാണ്. ആകാശ യാത്ര സുരക്ഷിതമാണെന്ന് ആധുനിക കാലത്തിന്റെ ബോധ്യത്തിന്മേൽ ആശങ്കകൾ സൃഷ്ടിക്കുകയാണ് അപകടം. അപകട കാരണം വിശദമായി പഠിക്കാനൊരുങ്ങുകയാണ് വിമാന കമ്പനികളും.
ചൈനയിൽ ബോയിങ് 737 വിമാനം 132 പേരുമായി തകർന്നുവീണുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന വാർത്ത വിമാനയാത്രക്കാരുടെ നെഞ്ചിടുപ്പ് കൂട്ടുന്നതാണ്. ആകാശയാത്ര പൊതുവേ സുരക്ഷിതമായ കാലത്തിലേക്ക് നാം നീങ്ങുമ്പോഴാണ് ഏറെ ആശങ്കപ്പെടുത്തുന്ന വാർത്ത ചൈനയിൽ നിന്ന് വന്നത്. ചൈന ഈസ്റ്റ് എയർലൈൻസിന്റെ 737-800 ബോയിങ് വിമാനം തെക്കൻ ചൈനയിൽ തകർന്നു വീണത് വിശദമായി അന്വേഷിക്കുമെന്ന് ബോയിങ് കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ ബോയിങ് വിമാനങ്ങളെ നിരീക്ഷിക്കും വിമാന അപകടം ചൈനയിലാണ് നടന്നതെങ്കിലും ലോകമെമ്പാടുമുള്ള വിമാന കമ്പനികളും വ്യോമയാന മേഖലയും ഈ വിഷയത്തെ ഗൗരവപൂർവമാണ് കാണുന്നത്. ചൈനയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ സർവീസ് നടത്തുന്ന വിമാന കമ്പനികളിലെ ബോയിങ് വിമാനങ്ങളെ നിരീക്ഷിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസ് മേധാവി അരുൺ കുമാർ തന്നെ ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകിയിട്ടുണ്ട്. ബോയിങ് 737 വിഭാഗത്തിൽ ഉൾപ്പെടുന്ന എല്ലാ വിമാനങ്ങളും കർശനമായി നിരീക്ഷിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഇന്ത്യയിൽ എയർ ഇന്ത്യ, സ്പെസ് ജെറ്റ്, വിസ്താര തുടങ്ങിയ കമ്പനികൾക്ക് ബോയിങ് വിമാനങ്ങളുണ്ട്. അതെ സമയം ഇൻഡിഗോയുടെ വിമാനങ്ങൾ എയർബസ് കമ്പനിയുടെതാണ്.
Read Also: China Plane Crash : ചൈനയിൽ 133 യാത്രക്കാരുമായി പോയ വിമാനം തകർന്ന് വീണു
മുന്നറിയിപ്പൊന്നുമില്ലാത്ത അപകടം വിമാനയാത്രയ്ക്ക് സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ചെറിയ പിഴവുകൾ പോലും വലിയ അപകടത്തിലേക്ക് വഴിവയ്ക്കുമെന്നതിനാൽ എല്ലാ തരത്തിലുള്ള സുരക്ഷാ മുൻകരുതലുകളും എടുത്താണ് വിമാന കമ്പനികൾ അവ നിർമിക്കുന്നത്. പറക്കുന്നതിനിടെയുണ്ടാകുന്ന തകരാറുകൾ സംബന്ധിച്ച് പൈലറ്റുമാർക്ക് വിമാനത്തിലെ കംപ്യൂട്ടർ സംവിധാനങ്ങൾ മുൻകൂട്ടി അറിയിപ്പ് നൽകാറുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വിമാനം സുരക്ഷിതമായി അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കുകയാണ് സാധാരണ ചെയ്യുക. പല തകരാറുകൾ സംഭവിച്ചാലും മറ്റ് ബദൽ സുരക്ഷാ മാർഗങ്ങൾ വിമാനത്തിൽ ഒരുക്കിയിരിക്കുന്നതിനാൽ അപകടം ഉണ്ടാകുന്നതിന് മുൻപ് തന്നെ വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ പൈലറ്റുമാർക്ക് സാധിക്കാറുണ്ട്.
എന്നാൽ ചൈനയിൽ നടന്ന അപകടം ഞെട്ടിക്കുന്നതാണ്. 29,100 അടിയിൽ നിന്ന് 7,850 അടി താഴ്ചയിലേക്ക് മൂന്നു മിനിറ്റിനുള്ളിലാണ് ചൈന ഈസ്റ്റ് എയർലൈന്റെ ബോയിങ് വിമാനം കൂപ്പുകുത്തിയത്. 7,850 അടിയിൽ നിന്ന് 20 സെക്കന്റിനുള്ളിൽ 3,225 അടി താഴ്ചയിലേക്കും വിമാനം പതിച്ചു. മുപ്പതിനായിരം അടിയിൽ നിന്ന് മൂവായിരം അടിയിലേക്ക് മൂന്നരമിനിറ്റിനുള്ളിൽ എത്തിയെന്ന് ചുരുക്കം. ഇത്ര വലിയ പതനം വിമാനത്തിന്റെ യന്ത്രഭാഗങ്ങളെ തകരാറിലാക്കിയെന്നതിൽ സംശയം വേണ്ടെന്ന് ഏവിയേഷൻ വിദഗ്ധർ പറയുന്നു. മൂന്നര മിനിറ്റിനുള്ളിൽ പൊടുന്നനെ സംഭവിച്ച ഈ പതനത്തിന് മുന്നിൽ പൈലറ്റുമാർ പകച്ചുപോയിരിക്കാമെന്നും വിദ്ഗധർ പറയുന്നു. സാധാരണ വിമാനം ഇങ്ങനെ കൂപ്പുകുത്തുക വളരെ വിരളമായി മാത്രം നടക്കുന്ന ഒന്നാണ്. തകരാറുകളെ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ ലഭിക്കാതിരുന്നതിനാൽ പൈലറ്റുമാർക്ക് ദുരന്തത്തിന് മുന്നിൽ കീഴടങ്ങുക മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന വഴി. വിമാനത്തിന് എന്തെങ്കിലും തകരാർ ഉള്ളതായി പൈലറ്റുമാർ എയർട്രാഫിക് കൺട്രോളറെ അറിയിച്ചിരുന്നതുമില്ല. കുത്തനെ വിമാനം താഴേക്ക് പതിക്കാതിരിക്കാനുള്ള പല സാങ്കേതിക സംവിധാനങ്ങളും അതിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. എന്നിട്ടും ഇങ്ങനെയൊരു അപകടം സംഭവിച്ചതിന്റെ ഞെട്ടലിലാണ് ലോകം.