ഉറി ഭീകരാക്രമണം: പാക് പങ്കിനെ കുറിച്ചുള്ള തെളിവുകള്‍ പാക്ക് ഹൈക്കമ്മീഷണർക്ക് ഇന്ത്യ കൈമാറി
ന്യൂഡൽഹി∙ ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ച് വരുത്തി ഇന്ത്യ തെളിവുകള്‍ നല്‍കി. അതിർത്തി കടന്നുള്ള ആക്രമണത്തിന്‍റെ തെളിവുകൾ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് കൈമാറിയത്.
നുഴഞ്ഞുകയറ്റത്തിനു സഹായം നൽകിയ ഫൈസല്‍ ഹുസൈന്‍ അവാന്‍ (20), യാസിന്‍ ഖുര്‍ഷിദ് (19) എന്നീ മുസാഫറാബാദ് സ്വദേശികളെ നാട്ടുകാർ പിടികൂടിയിരുന്നെന്നും അവരിപ്പോൾ പൊലീസ് കസ്റ്റഡിയിൽ ആണെന്നും ബാസിതിനെ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. ഇതോടെ ആക്രമണത്തിൽ പാക്കിസ്ഥാന്‍റെ പങ്ക് കൂടുതൽ വ്യക്തമാകുകയാണ്.
ഉറിയിൽ ആക്രമണം നടത്തിയവരിൽ ഒരാൾ പാക്കിസ്ഥാനിലെ മുസഫറാബാദ് ധർബാങ് സ്വദേശിയായ ഫിറോസിന്റെ മകൻ ഹാഫിസ് അഹമ്മദ് ആണെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാൾ ഇന്ത്യൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യാസിൻ ഖുർഷിദ്, ഫൈസൽ ഹുസൈൻ എന്നിവരെയാണ് നാട്ടുകാർ പിടികൂടിയത്.
ഭീകരരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുഹമ്മദ് കബീര്‍ അവാന്‍, ബഷറാത്ത് എന്നിവരെ കുറിച്ചുള്ള വിവരങ്ങളും ഇന്ത്യ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ക്ക് കൈമാറി. പാകിസ്താനില്‍ നിന്നുമുള്ള തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ഇന്ത്യയ്ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാക് ഹൈക്കമ്മീഷണറെ അറിയിച്ചു.