ന്യൂഡല്‍ഹി: ഇന്ത്യന്‍ സായുധസേന തീര്‍ത്തും മതേതരമാണെന്നും മനുഷ്യാവകാശ നിയമങ്ങളെ വളരെ ബഹുമാനത്തോടു കൂടി കാണുകയും അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ സൈന്യമെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.


ധാര്‍മ്മികതയും മാനവികതയും മര്യാദയുമാണ് ഇന്ത്യന്‍ സായുധസേനയുടെ മുന്നോട്ടുള്ള പ്രയാണമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. 'അങ്ങേയറ്റം മതനിരപക്ഷേതയുള്ളവരാണ് നമ്മുടെ സൈന്യം. സാങ്കേതികവിദ്യയുടെ വരവോടെ മാറിക്കൊണ്ടിരിക്കുന്ന യുദ്ധ തന്ത്രങ്ങളാണ് സൈന്യത്തിന്‍റെ പ്രധാന വെല്ലുവിളി', കരസേനാ മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. 


പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രായി രാജ്യത്ത് നടക്കുന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ കഴിഞ്ഞ ദിവസം അദ്ദേഹം അ​പ​ല​പി​ച്ചിരുന്നു. ഇത് വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു. 


രാ​ജ്യ​ത്ത് ന​ട​ക്കു​ന്നത് വ​ഴി​തെ​റ്റി​യ യു​വാ​ക്ക​ളു​ടെ സ​മ​രം. അക്രമത്തിലേയ്ക്ക് അണികളെ തള്ളിവിടുകയല്ല നേതാക്കള്‍ ചെയ്യേണ്ടതെന്നും ഇങ്ങനെയല്ല നേതൃത്വം പ്രവര്‍ത്തിക്കേണ്ടതെന്നും അ​ക്ര​മ​കാ​രി​ക​ള്‍ യ​ഥാ​ര്‍​ഥ നേ​താ​ക്ക​ള​ല്ലെ​ന്നും റാവത്ത് പറഞ്ഞിരുന്നു. സര്‍വകലാശാലകളിലെയും കോളേജുകളിലേയുമൊക്കെ വിദ്യാര്‍ത്ഥികള്‍ ന​ഗ​ര​ങ്ങ​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലും അക്രമവും തീവെപ്പും നടത്താന്‍ വലിയൊരു വിഭാഗം ജനങ്ങളെ നയിക്കുന്നത് നമ്മള്‍ കണ്ടു. ഇതല്ല നേതൃത്വം, നേതൃത്വം ഇതായിരിക്കരുത്, അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 


എന്നാല്‍, കരസേനാ മേധാവിയുടെ പ്രസ്താവനയ്ക്കെതിരെ വിവിധ മേഘലകളില്‍നിന്നും കടുത്ത വിമര്‍ശനമാണ് ഉണ്ടായത്. നിരവധി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനമുയര്‍ത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വിരമിച്ച സേനാ തലവന്മാര്‍, കൂടാതെ, സോഷ്യല്‍ മീഡിയയിലും കടുത്ത വിമര്‍ശനമാണ് ബി​പി​ന്‍ റാ​വത്തിനെതിരെ ഉയരുന്നത്. 
 
രാജ്യത്ത് മൂന്ന് സേനകളുടെയും ചുമതലകളുള്ള ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന തസ്തിക കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഈ പദവിയിലേയ്ക്കു ആദ്യമെത്തുക കരസേനാ മേധാവിയായ വിപിൻ റാവത്തായിരിക്കും എന്നുള്ള സൂചനകള്‍ പുറത്തു വരുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവന.