മുംബൈ: കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നുടയറുകളും പഞ്ചറായ സ്ഥിതിയിലാണ് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര കോണ്‍ഗ്രസ് ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  


സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, സർക്കാർ ചെലവുകൾ എന്നിവ ഒരു രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നാല് ടയറുകള്‍ പോലാണ്. ഇതില്‍ ഒന്നോ രണ്ടോ ടയറുകള്‍ പഞ്ചറായാല്‍ തന്നെ അത് വളര്‍ച്ചയെ ബാധിക്കും. പക്ഷേ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിലവില്‍ മൂന്ന് ടയറും തകര്‍ന്നിരിക്കുകയാണ്, ചിദംബരം അഭിപ്രായപ്പെട്ടു.



ആരോഗ്യമേഖലയിലും മറ്റു ചില മേഖലകളിലുമായി മാത്രമായി സർക്കാരിന്‍റെ ചെലവുകൾ ഒതുങ്ങിയിരിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഈ ചെലവു മുന്നോട്ടു കൊണ്ടുപോകാനാണു സർക്കാർ പെട്രോൾ, ഡീസൽ, എൽപിജി വിലയിൽ വർധന വരുത്തുന്നതെന്ന് ചിദംബരം ആരോപിച്ചു. നികുതി വഴി ഇവിടെ നിന്നെല്ലാം പിഴിഞ്ഞെടുത്തു ചില പൊതുകാര്യങ്ങളിൽ ഉപയോഗിക്കുകയാണ് കേന്ദ്രമെന്നും ചിദംബരം പറഞ്ഞു. 


രാജ്യത്ത് അടുത്തിടെ പാപ്പരായ കമ്പനികളില്‍ പ്രധാനമായുള്ളത് സ്റ്റീല്‍ കമ്പനികള്‍ ആണ്. ഇത്തരം കമ്പനികളില്‍ ആരെങ്കിലും നിക്ഷേപം നടത്തുമെന്ന് കരുതാന്‍ സാധിക്കില്ല. 



കൂടാതെ അഞ്ച് സ്ലാബുകളിലായി ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെ ചിദംബരം വിമര്‍ശിച്ചു. മറ്റു രാജ്യങ്ങളിലെല്ലാം ജിഎസ്ടി എന്ന ഒറ്റ നികുതി സംവിധാനം മാത്രമേയുള്ളൂ. എന്നാൽ ഇന്ത്യയിൽ രണ്ടു തരത്തിലുള്ള നികുതി സംവിധാനമുണ്ട്. അഞ്ച് സ്ലാബ് ജിഎസ്ടിയല്ല ഞങ്ങൾ വിഭാവനം ചെയ്തത്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും ചിദംബരം പറഞ്ഞു