കാണ്‍പൂര്‍: ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിന് സമീപം ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണസംഖ്യ 133 ആയി. അപകടത്തില്‍ 200 ലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 76 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കാണ്‍പൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ദെഹാത് ജില്ലയിലെ പൊഖ്‌റായനില്‍ വെച്ച് പട്‌നഇന്‍ഡോര്‍ എക്‌സ്പ്രസിന്‍റെ 14 കോച്ചുകളാണ് പാളം തെറ്റിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസിന്‍റെ പതിനാല് കോച്ചുകളാണ് ഞായറാഴ്ച പുലര്‍ച്ചെ കാണ്‍പൂരില്‍ പാളംതെറ്റിയത്. അടുത്തകാലത്ത് രാജ്യം കണ്ട് ഏറ്റവും വലിയ ട്രെയിന്‍ അപകടം കൂടിയാണിത്. അപകടത്തില്‍ എസ്1, എസ് 2, എസ് 3, എസ്4 കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു.


ദുരന്തത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി,  പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍ അനുശോചിച്ചു.


മരിച്ചവരുടെ കുടുംബത്തില്‍ യു.പി സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വീതവും പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതവും മധ്യപ്രദേശ് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. റെയില്‍വേ മന്ത്രിയും 3.5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് യു.പി സര്‍ക്കാര്‍ 50,000 രൂപയും നിസാര പരുക്കുള്ളവര്‍ക്ക് 25,000 രൂപയും അനുവദിച്ചു.