Influenza: രാജ്യത്ത് വർധിച്ചുവരുന്ന ശ്വാസകോശരോഗങ്ങൾക്ക് കാരണം ഇൻഫ്ലുവൻസയെന്ന് ഐസിഎംആർ; ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്
Respiratory illness: ഇൻഫ്ലുവൻസ എഎച്ച് 3 എൻ 2 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ 92 ശതമാനം പേർക്ക് പനി, 86 ശതമാനം പേർക്ക് ചുമ, 27 ശതമാനം പേർക്ക് ശ്വാസതടസ്സം, കൂടാതെ 16 ശതമാനം പേർക്ക് ന്യുമോണിയയുടെ ലക്ഷണങ്ങളും ഉണ്ട്.
ഇന്ത്യയിൽ വർധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണം ഇൻഫ്ലുവൻസ എ സബ്ടൈപ്പ് H3N2 ആണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജ്യത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഐസിഎംആറിന്റെ പ്രസ്താവന.
ഡിസംബർ 15 മുതൽ ഇൻഫ്ലുവൻസ എഎച്ച് 3 എൻ 2 കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഇൻഫ്ലുവൻസ A H3N2 ഉപവിഭാഗം മറ്റ് ഇൻഫ്ലുവൻസ ഉപവിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ ആശുപത്രിവാസത്തിന് കാരണമാകുന്നതായി കാണുന്നുവെന്ന് ഐസിഎംആർ വ്യക്തമാക്കുന്നു.
ഇൻഫ്ലുവൻസ എഎച്ച് 3 എൻ 2 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ 92 ശതമാനം പേർക്ക് പനി, 86 ശതമാനം പേർക്ക് ചുമ, 27 ശതമാനം പേർക്ക് ശ്വാസതടസ്സം, കൂടാതെ 16 ശതമാനം പേർക്ക് ന്യുമോണിയയുടെ ലക്ഷണങ്ങളും ഉണ്ട്. കൂടാതെ, ആറ് ശതമാനം പേർക്ക് മലബന്ധം ഉണ്ട്.
ALSO READ: World Obesity Day 2023: ശരീരത്തിലെ ഉയർന്ന കൊഴുപ്പിന്റെ അളവ് എളുപ്പത്തിൽ എങ്ങനെ കുറയ്ക്കാമെന്നറിയാം
കൂടാതെ, H3N2 ഉള്ള രോഗികളിൽ 10 ശതമാനം പേർക്ക് ഓക്സിജൻ സഹായം ആവശ്യമാണ്. ഏഴ് ശതമാനം പേർക്ക് തീവ്രപരിചരണം ആവശ്യമാണെന്നും ഐസിഎംആർ പറഞ്ഞു. ആളുകൾ വ്യക്തി ശുചിത്വം പാലിക്കണമെന്നും കൈ ഇടയ്ക്കിടെ കഴുകുന്നത് ശീലമാക്കണമെന്നും ഐസിഎംആർ അറിയിക്കുന്നു.
"സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. മാസ്ക് ധരിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായയും മൂക്കും മൂടുക, ജലാംശമുള്ള ഭക്ഷണം കൂടുതലായി കഴിക്കുക, കണ്ണിലും മൂക്കിലും തൊടുന്നത് ഒഴിവാക്കുക, രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ചികിത്സ തേടുക" ഐസിഎംആർ വ്യക്തമാക്കി.
"ഹസ്തദാനം ചെയ്യരുത്. പൊതുസ്ഥലത്ത് തുപ്പരുത്. ഡോക്ടറുമായി ആലോചിക്കാതെ ആന്റിബയോട്ടിക്കുകളോ മറ്റ് മരുന്നുകളോ കഴിക്കരുത്. മറ്റുള്ളവരുമായി അടുത്തിരുന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം" ഐസിഎംആർ നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...