ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നീരവ് മോദിക്കെതിരെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തട്ടിപ്പ് കേസില്‍ നടക്കുന്ന വലിയ നീക്കമായി ഇതിനെ കരുതാം. കാരണം ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതുവഴി അംഗരാജ്യങ്ങളില്‍ അഭയം തേടുന്ന കുറ്റവാളികളെ പിടികൂടാന്‍ അതാതു രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കും. പ്രതിയെ സംബന്ധിച്ച വിവരങ്ങളും താമസിക്കുന്ന സ്ഥല വിവരങ്ങളും അതാതു രാജ്യങ്ങളുമായി പങ്കുവെക്കുകയും ചെയ്യും. കുറ്റവാളികളെ പിടികൂടാന്‍ ഇത് കൂടുതല്‍ എളുപ്പമാക്കും.


ഇന്ത്യയില്‍ കേസന്വേഷണം നടത്തുന്ന സിബിഐയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും ആവശ്യം അംഗീകരിച്ചാണ് ഇന്‍റര്‍പോളിന്‍റെ ഈ നീക്കം. 


13,578 കോടിയുടെ തട്ടിപ്പ്​ നടത്തി വിദേശത്തേക്ക്​ കടന്ന നീരവ്​ മോദിക്കെതിരെ റെഡ്​ കോര്‍ണര്‍ നോട്ടീസ്​ പുറപ്പെടുവിക്കണമെന്ന്​ സി.ബി.ഐ മുന്‍പേ തന്നെ ഇന്‍റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ തട്ടിപ്പ്​ കേസില്‍ മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോസ്കിക്കെതിരെയും നോട്ടീസ് പുറപ്പെടുവിക്കാന്‍ സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.


രാജ്യത്ത്​ നടന്ന ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്​ കേസില്‍ നീരവ്​ മോദി, മെഹുല്‍ ചോസ്​കി, മോദിയുടെ സഹോദരന്‍ നിഷാല്‍ എന്നിവര്‍ക്കെതിരെ സി.ബി.​ഐ മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.


കേസില്‍ വിചാരണക്കായി നീരവ് മോദിയേയും മെഹുല്‍ ചോസ്കിയേയും ഇന്ത്യക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 15ന്​ സി.ബിഐ ഡിഫ്യൂഷന്‍ നോട്ടീസ്​ നല്‍കിയിരുന്നു.


സാമ്പത്തിക കുറ്റവാളികളെ കൈമാറാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ബ്രിട്ടീഷ് അധികൃതര്‍ നേരത്തെ ഇന്ത്യന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെ അറിയിച്ചിരുന്നു. ഇരുവരും ബ്രിട്ടനില്‍ ഉണ്ടെന്നുള്ള വിവരവും ഇന്ത്യയെ അറിയിച്ചിരുന്നു.


വന്‍ ബാങ്ക് തട്ടിപ്പ് നടത്തിയ ശേഷം കഴിഞ്ഞ ജനുവരിയിലാണ് നീരവ് മോദിയും ബന്ധുക്കളും ഇന്ത്യയില്‍ നിന്ന് കടന്നത്.