വമ്പൻ ട്വിസ്റ്റുകൾക്ക് പിന്നാലെ ഹരിയാനയിൽ ഹാട്രിക് വിജയം സ്വന്തമാക്കി ബിജെപി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ശക്തമായ മുന്നേറ്റം കോൺ​ഗ്രസ് നടത്തിയെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ​ഗതി മാറാൻ തുടങ്ങി. പിന്നീടങ്ങോട്ട് ബിജെപിയുടെ മുന്നേറ്റമാണ് കണ്ടത്. ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള മേഖലകളിലടക്കം ബിജെപി നേട്ടമുണ്ടാക്കി. ഒടുവിൽ 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയിലെത്തി ബിജെപി. അതേസമയം ദുഷ്യന്ത് ചൗതാലയുടെ ജെജെപി തകർന്നടിഞ്ഞ കാഴ്ചയാണ് കണ്ടത്. ഐഎൻഎൽഡി ഒരു സീറ്റിൽ ഒതുങ്ങി. കോൺഗ്രസിന് 36 സീറ്റ് മാത്രമാണ് നേടാനായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എക്സിറ്റ് പോൾ ഫലങ്ങളെ മലർത്തിയടിച്ച് കൊണ്ടുള്ളതായിരുന്നു ഹരിയാനയിലെ ഫലം. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ കോൺ​ഗ്രസിന്റെ കേന്ദ്രങ്ങളിൽ ആഘോഷമായിരുന്നു. എന്നാൽ അത് അധിക സമയം നീണ്ടുനിന്നില്ല. പിന്നീടങ്ങോട്ട് ബിജെപി വ്യക്തമായ ലീഡുയർത്തുകയായിരുന്നു. തെക്കൻ ഹരിയാനയും രാജസ്ഥാനുമായി ചേർന്നു കിടക്കുന്ന ആഹിർവാൾ മേഖലയും ബിജെപിക്കായിരുന്നു മുൻതൂക്കം. ഡൽഹിക്ക് ചുറ്റും കിടക്കുന്ന പത്തിൽ എട്ടു സീറ്റിലും ബിജെപിയാണ് വിജയിച്ചത്. യുപിയുമായി ചേർന്നു കിടക്കുന്നു ജാട്ട് സ്വാധീന മേഖലകളിൽ പകുതി സീറ്റുകളിൽ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിക്ക് സാധിച്ചു.


പഞ്ചാബുമായി ചേർന്നു കിടക്കുന്ന ജാട്ട്-സിഖ് മേഖലകളിലും മധ്യ ഹരിയാനയിലുമാണ് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നേടാനായത്. ഒബിസി വിഭാഗത്തിൽ നിന്നുള്ള സൈനിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ജാട്ട് ഇതര വോട്ടുകൾ സമാഹരിക്കാനുള്ള ബിജെപി നീക്കം വിജയിച്ചു എന്നാണ് വിലയിരുത്തൽ. 


അതേസമയം ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യത്തിന് വിജയം നേടാനായി. ജമ്മുമേഖലയിലെ സീറ്റുകളില്‍ കൂടി ജയം സ്വന്തമാക്കി കൊണ്ടാണ് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമായ ആധിപത്യം നേടിയത്. ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും. തൂക്ക് സഭയുണ്ടാകുമോ എന്ന ആകാംക്ഷക്കിടെയാണ് നാഷണൽ കോൺഫറൻസ് സഖ്യത്തിന്റെ ജയം. മത്സരിച്ച 57ല്‍ 42 സീറ്റുകള്‍ നേടി നാഷണല്‍ കോണ്‍ഫറന്‍സ്. ഒമര്‍ അബ്ദുള്ള മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ചു. 


ഇന്ത്യ സഖ്യത്തില്‍ 32 സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കിയത്. എന്നാൽ വിജയിക്കാനായത് 6 ഇടത്ത് മാത്രമാണ്. വടക്കന്‍ കശ്മീരിലും നാഷണല്‍ കോണ്‍ഫറന്‍സാണ് കൂടുതല്‍ സീറ്റുകള്‍ നേടിയത്. പത്ത് കൊല്ലം മുന്‍പ് ജമ്മുകശ്മീര്‍ ഭരിച്ചിരുന്ന പിഡിപിക്ക് മൂന്ന് സീറ്റുകൾ മാത്രമാണ് നേടാനായത്. മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍ത്തിജ മുഫ്തി കന്നിയങ്കത്തിൽ പരാജയമേറ്റുവാങ്ങിയതും പിഡിപിക്ക് വന്‍ തിരിച്ചടിയായി. ആരുടെയും സഹായം കൂടാതെ ഇന്ത്യസഖ്യത്തിന് സര്‍ക്കാര്‍ ഉണ്ടാക്കാമെന്നായതോടെ ഒമര്‍ അബ്ദുള്ളയാകും മുഖ്യമന്ത്രിയെന്ന് ഫറൂക്ക് അബ്ദുള്ള പ്രഖ്യാപിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.