ചെന്നെ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് 11 ദിവസമമായി അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ  ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. എന്നാല്‍, കുറച്ചുദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിയ്ക്കുന്ന ജയലളിതയുടെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് വിശദീകരണം. അതുകൊണ്ടുതന്നെ നിലവിലെ മരുന്നുകള്‍ തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.


സെപ്റ്റംബര്‍ 22നാണു പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു ശേഷം നിരവധി അഭ്യൂഹങ്ങളാണ് ജയലളിതയയെ കുറിച്ച് പ്രചരിച്ചത്. കഴിഞ്ഞ ദിവസം വിക്കിപീഡിയയില്‍ ജയലളിതയുടെ മരണ തിയതി വരെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതിനെല്ലാം വിരാമമിട്ടാണ് ആരോഗ്യസ്ഥിതിയെ കുറിച്ച് പുതിയ  മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തു വന്നത്.


ജയലളിതയുടെ ആരോഗ്യസ്ഥിതിയെകുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അണ്ണാ ഡിഎംകെ നേതൃത്വവും അറിയിച്ചു.  ആരോഗ്യനില സംബന്ധിച്ച ആശങ്ക നീങ്ങിയതോടെ ആശുപത്രിയിലേക്കുളള അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുളള പ്രമുഖര്‍ പതിവ് പോലെ ആശുപത്രിയില്‍ ജയലളിതയെ കണ്ട് മടങ്ങുന്നു.  


അതേസമയം മെഡിക്കല്‍ ബുളളറ്റിനെത്തിയതോടെ അണികളും ശാന്തരായിട്ടുണ്ട്. തല്‍ക്കാലം സ്ഥിതിഗതികള്‍ ശാന്തമാണെങ്കിലും നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഇളവു വരുത്തേണ്ടെന്നാണ് പൊലീസ് തീരുമാനം.