പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ വിവിധ  ദേശീയ നേതാക്കള്‍ ദുഃഖം രേഖപ്പെടുത്തി.പ്രശ്നത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബി.ജെ.പി വക്താവ് മീനാക്ഷി ലേഖിയും  രംഗത്തുവന്നു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി രംഗത്തെത്തി.മറ്റിടങ്ങളിലെ ദലിത് പ്രശ്നങ്ങളില്‍ ചാടി ഇടപെടാറുള്ള രാഹുല്‍ ഗാന്ധി പെരുമ്പാവൂര്‍ സംഭവത്തില്‍ മൗനം പാലിക്കുകയാണെന്ന് മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.ഡല്‍ഹിയിലെ നിര്‍ഭയ കേസിനെ അനുസ്മരിപ്പിക്കുന്ന ക്രൂരതയാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്.എന്നാല്‍, കോണ്‍ഗ്രസിതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളില്‍ മാത്രമേ രാഹുലിനും സോണിയക്കും താല്‍പര്യമുള്ളൂ.പെരുമ്പാവൂര്‍ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കാന്‍പോലും ഇരുവര്‍ക്കും സമയം ലഭിച്ചില്ലെന്നും ലേഖി കുറ്റപ്പെടുത്തി.  


ലേഖിയുടെ പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ രാഹുലിന്‍റെ പ്രതികരണം വന്നു. പെരുമ്പാവൂര്‍ സംഭവം കേട്ട് വല്ലാതെ വേദനിച്ചുവെന്ന് രാഹുല്‍ ഗാന്ധി  ട്വീറ്റ് ചെയ്തു.കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്ന രാഹുല്‍ ജിഷയുടെ വീട് സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പത്രസമ്മേളനത്തില്‍ പറഞ്ഞു.രാഹുലിനെതിരായ ബി.ജെ.പിയുടെ ആക്ഷേപം രാഷ്ട്രീയം മാത്രമാണെന്നും സിന്ധ്യ കുറ്റപ്പെടുത്തി. 


പെരുമ്പാവൂര്‍ സംഭവം അറിഞ്ഞ് ദു$ഖിക്കുന്നുവെന്ന്  അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു. കുറ്റവാളിയെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കണം.ഇത്തരം നീച സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.ക്രൂരമായ കൊലപാതകത്തെ  രാഷ്ട്രീയവല്‍ക്കരിച്ചു കൊണ്ടുള്ള പ്രസ്താവനകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്ക് പോരുകളിലേക്ക് നയിക്കുമെന്ന് ഇതോടെ വ്യക്തമായി.