ന്യൂഡല്‍ഹി: ജെഎന്‍യു രാജ്യദ്രോഹ കേസില്‍ സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള മുന്‍ വിദ്യാര്‍ത്ഥികളെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ അനുമതി.


COMMERCIAL BREAK
SCROLL TO CONTINUE READING

നാലുവര്‍ഷം മുന്‍പ് 2016 ല്‍ നടന്ന ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. കേസില്‍ കനയ്യ കുമാറിന് പുറമെ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എങ്കിലും മൂന്നുപേരും പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.


ഇവരെ വിചാരണ ചെയ്യാനുള്ള അനുമതി ഡല്‍ഹി സര്‍ക്കാര്‍ വൈകിപ്പിച്ചതിനെ തുടര്‍ന്ന് നടപടിക്രമങ്ങളും വൈകുകയായിരുന്നു. 


അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രി കശ്മീരി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ജെഎന്‍യു ക്യാംപസില്‍ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്. എന്നാല്‍ പിന്നീട് കനയ്യ കുമാര്‍ നിരപരാധിയാണെന്ന് വാദിക്കുന്ന തരത്തില്‍ വീഡിയോ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.


ഇതിനിടയില്‍ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ നല്‍കിയ അനുമതി പിന്‍വലിക്കില്ലയെന്ന്‍ എഎപി വ്യക്തമാക്കിയിട്ടുണ്ട്. 


ഡല്‍ഹി നിയമ വകുപ്പ്  വിഷയത്തില്‍ വളരെ ശ്രദ്ധയോടെ വീക്ഷണം നടത്തിയ ശേഷമാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് എഎപി ദേശീയ വക്താവും എംഎല്‍എയുമായ രാഘവ് ചദ്ദ വ്യക്തമാക്കി.