Sameer Wankhede | തുടക്കം മാത്രം; സമീർ വാങ്കഡെയെ ആര്യൻ ഖാൻ കേസിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരിച്ച് നവാബ് മാലിക്
26 കേസുകൾ ഇത്തരത്തിൽ അന്വേഷിക്കേണ്ടതുണ്ടെന്നും ഇതൊരു തുടക്കം മാത്രമാണെന്നും നവാബ് മാലിക് ട്വീറ്റ് ചെയ്തു
ന്യൂഡൽഹി: ആര്യൻ ഖാൻ (Aryan Khan) ഉൾപ്പെട്ട മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിൽ നിന്ന് സമീർ വാങ്കഡെയെ (Sameer Wankhede) പുറത്താക്കിയതിൽ പ്രതികരണവുമായി മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് (Nawab Malik). ഇതൊരു തുടക്കം മാത്രമാണ്. ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസ് ഉൾപ്പെടെ അഞ്ച് കേസുകളിൽ നിന്നാണ് വാങ്കഡെയെ മാറ്റിനിർത്തിയിരിക്കുന്നത്. 26 കേസുകൾ ഇത്തരത്തിൽ അന്വേഷിക്കേണ്ടതുണ്ടെന്നും ഇതൊരു തുടക്കം മാത്രമാണെന്നും നവാബ് മാലിക് ട്വീറ്റ് (Tweet) ചെയ്തു.
വിവാദമായ ക്രൂയിസ് മയക്കുമരുന്ന് കേസ് ഉൾപ്പെടെ അഞ്ച് കേസുകളുടെയും അന്വേഷണം മുംബൈ യൂണിറ്റ് തലവൻ സമീർ വാങ്കഡെയിൽ നിന്ന് എസ്ഐടിക്ക് കൈമാറി. നവാബ് മാലിക്കിന്റെ മരുമകനെതിരെയുള്ള കേസും ഇതിൽ ഉൾപ്പെടുന്നു.
ALSO READ: Sameer Wankhede| സമീർ വാങ്കടെയ്ക്ക് സ്ഥാന ചലനം, ആര്യൻഖാൻ കേസിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ
അതേസമയം, ഒരു ഉദ്യോഗസ്ഥനെയും നിലവിലെ തസ്തികകളിൽ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ അവർ നിലവിലെ തസ്തികകളിൽ തുടരുമെന്നും എൻസിബി പ്രസ്താവനയിലൂടെ അറിയിച്ചു. സമീർ വാങ്കഡെ കള്ളക്കേസുകൾ ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ആര്യൻ ഖാൻ കേസിലെ സാക്ഷി വഴി ഷാരൂഖിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതായും ആരോപണങ്ങൾ ഉയർന്നിരുന്നു.
എന്നാൽ തന്നെയും കുടുംബത്തെയും കള്ളക്കേസിൽ കുടുക്കാനാണ് മയക്കുമരുന്ന് മാഫിയ ശ്രമിക്കുന്നതെന്ന് വാങ്കഡെ വ്യക്തമാക്കി. വാങ്കഡെയ്‌ക്കെതിരെ നിരവധി ആരോപണങ്ങളാണ് നവാബ് മാലിക് ഉയർത്തിയത്. വാങ്കഡെ മുസ്ലീമാണെന്നും യുപിഎസ്‌സി പരീക്ഷ പാസായതിന് ശേഷം ക്വാട്ടയിൽ റിക്രൂട്ട്‌മെന്റ് നേടുന്നതിന് പട്ടികജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വ്യാജ രേഖകൾ ചമച്ചതായി അദ്ദേഹം ആരോപിച്ചു.
ആര്യൻ ഖാനെ കസ്റ്റഡിയിൽ വച്ച് പണം തട്ടാൻ ശ്രമിച്ചതിന് വാങ്കഡെയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടതായും മാലിക് വ്യക്തമാക്കി. സമീർ വാങ്കഡെയുടെ യഥാർത്ഥ മുഖം തുറന്ന് കാട്ടുമെന്നും എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് ട്വീറ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...