സുപ്രീംകോടതിയുടെ 49-ാം ചീഫ് ജസ്റ്റിസ്; യു യു ലളിത് ഇന്ന് സ്ഥാനമേൽക്കും
ഏറെ ചർച്ച ചെയ്യപ്പെട്ട കേസുകളിലെ അഭിഭാഷകൻ കൂടിയായിരുന്നു ലളിത്.
ന്യൂഡൽഹി: ഇന്ത്യയുടെ 49ാം ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സ്ഥാനമേൽക്കും. രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലികൊടുക്കും. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. ഏറെ ചർച്ച ചെയ്യപ്പെട്ട കേസുകളിലെ അഭിഭാഷകൻ കൂടിയായിരുന്നു ലളിത്. സിജെഐ എൻവി രമണയുടെ പിൻഗാമിയായിട്ടാണ് ജസ്റ്റിസ് യു.യു ലളിത് എത്തുന്നത്. നവംബർ എട്ടിന് വിരമിക്കുന്ന ജസ്റ്റിസ് ലളിതന്റെ സിജെഐ കാലാവധി 76 ദിവസം മാത്രമായിരിക്കും.
മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് 1983ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 2ജി അഴിമതി കേസിൽ സിബിഐയുടെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ലളിത്. തുടർന്ന് സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായിരിക്കെ 2014ൽ ജസ്റ്റിസായി നിയമിതനാകുകയായിരുന്നു. മുത്തലാഖ് നിയമവിരുദ്ധമാണെന്ന് വിധിച്ച ബഞ്ചിൽ വിധിക്ക് അനുകൂലമായി വോട്ട് ചെയ്ത ജഡ്ജിമാരിൽ ഒരാളായിരുന്നു യു.യു ലളിത്. ഷൊറാബുദ്ദീൻ ഷെയിഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അഭിഭാഷകനായിരുന്നു. ഇവ കൂടാതെ ജഡ്ജിയായിരിക്കെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസ്, പോക്സോ കേസിലെ സുപ്രധാന ഉത്തരവ് തുടങ്ങിയവ ജസ്റ്റിസ് ലളിതിന്റെ ബഞ്ചിൽ നിന്നുണ്ടായി. ജസ്റ്റിസ് ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത്. ലാവലിൻ കേസ് നിലവിലുള്ളത് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിന് മുന്നിലാണ്.
ഓഗസ്റ്റ് 26ന് വിരമിച്ച ജസ്റ്റിസ് എൻവി രമണയോട് കേന്ദ്ര നിയമ മന്ത്രി കിരൺ റിജുജു തന്റെ പിൻഗാമിയെ നിർദേശിക്കാൻ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ പേര് നിർദേശിക്കുന്നത്. ബാറിൽ നിന്നും നേരിട്ട് ജഡ്ജിയായി ചീഫ് ജെസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ലളിത്. നേരത്തെ 1971ൽ ജസ്റ്റിസ് എസ്എം സിക്രിയാണ് ഇത്തരത്തിൽ നിയമിതനായിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...