ചെന്നൈ: കമല്‍ ഹാസന്‍റെ രാഷ്ട്രീയപര്യടനം നാളെ ഈറോഡില്‍ നിന്നു തുടങ്ങും. മക്കള്‍ നീതി മയ്യം പാർട്ടിയുടെ പ്രഖ്യാപനത്തിന് ശേഷം പ്രതീക്ഷിച്ച ജനപിന്തുണ കിട്ടാത്ത സാഹചര്യത്തില്‍, പാ‍ർട്ടിയെ ജനങ്ങളിലേക്ക് എത്തിക്കാൻ കൂടിയാണ് കമലിന്‍റെ യാത്ര.


COMMERCIAL BREAK
SCROLL TO CONTINUE READING

പാർട്ടി പ്രഖ്യാപിച്ചപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും ആദ്യദിനങ്ങളില്‍ കിട്ടിയ പിന്തുണ പിന്നീട് ലഭിച്ചില്ല. തുടക്കത്തിലുണ്ടായിരുന്ന ഊർജ്ജം മക്കള്‍ നീതി മയ്യത്തിന് നില നിർത്താനുമായില്ല. കഴിഞ്ഞ ദിവസം വനിതാ ദിനത്തില്‍ ചേർന്ന യോഗത്തില്‍ സദസ്സില്‍ കസേരകള്‍ മിക്കതും ഒഴിഞ്ഞു കിടക്കുകയായിരുന്നു. 


എം ജി ആറിന്‍റെ പിന്മുറക്കാരനായി, തമിഴ്നാടിന്‍റെ തലവനായി താൻ വരുന്നുവെന്ന രജനീകാന്തിന്‍റെ പ്രസംഗവും കമലിന് ക്ഷീണം ചെയ്തു. ഈ സാഹചര്യത്തിലാണ് കമലിന്‍റെ രാഷ്ട്രീയ യാത്ര. ഈറോഡ് ജില്ലയില്‍ 13 ഇടങ്ങളിലാണ് കമല്‍ ജനങ്ങളെ കാണുന്നത്


പെരിയാറിന്‍റെ പ്രതിമാവിവാദത്തില്‍ പെട്ടെന്ന് പ്രതികരിച്ച കമല്‍, വളരാൻ ലക്ഷ്യമിടുന്നത് ദ്രവീഡിയൻ രാഷ്ട്രീയത്തിന്‍റെ വളക്കൂറുള്ള മണ്ണില്‍ ചവിട്ടിയാണ്. പെരിയാറിന്‍റെ ചിന്തകളും ആം ആദ്മിയുടേയും ഇടതുപക്ഷത്തിന്‍റേയും ആശയങ്ങളും സമ്മിശ്രമായി ഉള്‍പ്പെടുത്തിയ ഒരു ശൈലിയില്‍ മുന്നോട്ട് പോകാനാണ് കമല്‍ ഹാസന്‍റെ ശ്രമം. ഇത് ജനങ്ങള്‍ സ്വീകരിക്കുന്ന വിധത്തില്‍ എത്രകണ്ട് പ്രായോഗികമായി നടപ്പാക്കാൻ കമലിന് കഴിയും എന്നത് കാത്തിരുന്ന് കാണാം.