കാണ്‍പൂര്‍ ഏറ്റുമുട്ടല്‍: റെയ്ഡ് വിവരം ചോര്‍ത്തിയത് പോലീസ്....!!
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 8 പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്...
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 8 പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്...
‘ഷിവിലി ഡോണ്‍’എന്നറിയപ്പെടുന്ന വികാസ് ദുബെയുടെ അടുത്ത അനുയായി ദയാശങ്കര്‍ അഗ്നിഹോത്രി പോലീസ് പിടിയിലായി. കല്യാണ്‍പൂര്‍ മേഖലയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ദയാശങ്കര്‍ കല്യാണ്‍പുര്‍ മേഖലയിലുണ്ടെന്ന സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പോലീസ് സംഘം എത്തുന്നുണ്ടെന്ന് കണ്ട ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് അതിവിദഗ്ധമായി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഏറ്റുമുട്ടലിനിടെ ഇയാള്‍ക്ക് കാലില്‍ വെടിയേല്‍ക്കുകയും ചെയ്തു. നാടന്‍ തോക്കും വെടിയുണ്ടകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇയാളില്‍ നിന്നും പോപൊലീസ് പിടിച്ചെടുത്തു. ഇയാളെപിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ദയാശങ്കര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനെ ഇളക്കിയിരിയ്ക്കുകയാണ്. റെയ്ഡ് സംബന്ധിച്ച വിവരം ലഭിച്ചത് പോലീസിനിന്നുതന്നെയാണ് എന്നാണ് ദയാശങ്കര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. കൂടാതെ, പ്രദേശത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വരെ വികാസ് ദുബെയുമായി സമ്പര്‍ക്കത്തിലായിരുന്നുവെന്നും പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
ദുബെയെ പിടികൂടുന്നതിനായി കാണ്‍പുരിലെ ബിക്രുവിലുള്ള വസതിയില്‍ റെയ്ഡ് നടത്തുന്നതിനിടെ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ വൈദ്യുതിവകുപ്പിലെ രണ്ട് ജീവനക്കാരെ പോലീസ് ചോദ്യംചെയ്തു. വൈദ്യുതിബന്ധം വിച്ഛേദിച്ചയാളെയും പോലീസ് കണ്ടെത്തി. പോലീസ് സ്റ്റേഷനില്‍ നിന്നുള്ള അറിയിപ്പിനെത്തുടര്‍ന്നാണു വൈദ്യുതിബന്ധം വിച്ഛേദിച്ചതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി.
ഫോണ്‍ സന്ദേശം വന്നതു പോലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചെങ്കിലും സന്ദേശം നല്‍കിയ ആളെ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സംഭവത്തില്‍ സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് സസ്പന്‍ഷനിലാണ്.
അതേസമയം, ശനിയാഴ്ച വികാസ് ദുബെയുടെ വീടും വാഹനങ്ങളും പോലീസ് ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തിരുന്നു.
'ഷിവിലി ഡോണ്‍' എന്നറിയപ്പെടുന്ന വികാസ് ദുബെ എന്ന കുപ്രസിദ്ധ കുറ്റവാളിയെ തേടിയാണ് കാണ്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ പോലീസ് റെയ്ഡ് നടത്തിയത്. പോലീസ് എത്തിയതോടെ വികാസ് ദുബെ യുടെ ആളുകള്‍ പോലീസിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. 8 പോലീസുകാരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
വികാസ് ദുബൈയ്ക്ക് നേരെ 57 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2001 ല്‍ ബി.ജെ.പി നേതാവായ സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് വികാസ് ദുബൈ. ആ സമയത്തെ രാജ്‌നാഥ് സിംഗ് സര്‍ക്കാരിലെ മന്ത്രിസഭാംഗമായിരുന്നു കൊല്ലപ്പെട്ട സന്തോഷ് ശുക്ല.