കോഴിക്കോട്:  മരണം മുന്നില്‍ കാണുമ്പോഴും  യാത്രക്കാരെ സുരക്ഷിതരാക്കാന്‍ അവസാന നിമിഷം വരെ പരിശ്രമിച്ച ദീപക് സാഠേയുടെയും അഖിലേഷ് കുമാറിന്റേയും മൃതദേഹം ഇന്ന് ജന്മനാട് ഏറ്റുവാങ്ങും.


COMMERCIAL BREAK
SCROLL TO CONTINUE READING

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‍മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ എക്സ്പ്രസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് അയക്കുക.  മഹാരാഷ്ട്രയിലെ നാഗ്പൂരാണ് ദീപക് സാഠേയുടെ ജന്മനാട്. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയാണ് അഖിലേഷ് കുമാര്‍.


Also read: Karipur flight crash:വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു


കരിപ്പൂര്‍ വിമാനാപകടത്തില്‍ ക്യാപ്റ്റന്‍ ദീപക് സാഠേയെയും കോ-പൈലറ്റ് അഖിലേഷ് കുമാറിനെയും മരണം തട്ടിയെടുത്തപ്പോള്‍ കുടുംബാഗംങ്ങളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ  ബന്ധുക്കള്‍...    ക്യാപ്റ്റന്‍ സാഠേയുടെ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മകന്‍റെ മരണവാര്‍ത്ത എത്തിയതിന്‍റെ ആഘാതത്തില്‍ നിന്ന് നാഗ്പൂരിലെ ആ വീട് ഇനിയും മോചിതരായിട്ടില്ല.  


Also read: Karipur: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; കരിപ്പൂരിലുണ്ടായത് മംഗലപുരത്തിന് സമാന അപകടം?


വിമാനം പറത്തുന്നതില്‍ 36 വര്‍ഷത്തെ അനുഭവസമ്പത്തുള്ള   ഏരിയല്‍ ഓപ്പറേറ്റര്‍ ആയിരുന്നു ദീപക്. ഇന്ത്യന്‍ വ്യോമസേനയില്‍ 21 വര്‍ഷം പ്രവര്‍ത്തിച്ചു. 


അതേസമയം, പൂര്‍ണഗര്‍ഭിണിയായ ഭാര്യ മേധ ഇപ്പോഴും അഖിലേഷിനെ കാത്തിരിയ്ക്കുകയാണ്...  പത്ത് ദിവസം കൂടി കഴിഞ്ഞാല്‍, അഖിലേഷിനെ അച്ഛാ എന്ന് വിളിക്കാന്‍ ഒരു കുഞ്ഞതിഥി എത്തുമായിരുന്നു. ആ സമയത്തേക്ക് ലീവ് കരുതി വച്ച്‌, ഏല്‍പിച്ച ദൗത്യം നിറവേറ്റാനായി പോയതായിരുന്നു അഖിലേഷ്. 


ദുബായില്‍ നിന്ന്  കരിപ്പൂരിലേക്കുള്ള യാത്ര ആരംഭിക്കും മുന്‍പ്  അഖിലേഷ് അമ്മയോടും ഭാര്യയോടും സംസാരിച്ചു. രോഗങ്ങള്‍ അലട്ടുന്ന അമ്മ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണമെന്നും കരിപ്പൂരിലെത്തിയ ശേഷം കൂടുതല്‍ സംസാരിക്കാമെന്നും  പറഞ്ഞ്  സംഭാഷണം അവസാനിപ്പിച്ചു. എന്നാല്‍ വെള്ളിയാഴ്ച രാത്രി എയര്‍ ഇന്ത്യയില്‍ നിന്ന് സഹോദരങ്ങള്‍ക്ക് സന്ദേശമെത്തി. അഖിലേഷ് പറത്തിയ വിമാനം അപകടത്തില്‍പെട്ടെന്നും , നില അതീവ ഗുരുതരമാണെന്നും. അധികം വൈകാതെ മരണവിവരവും അറിഞ്ഞു.


വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട ആദ്യദൗത്യം കോഴിക്കോട് എത്തിയപ്പോഴും കോ -പൈലറ്റായി കോക്പിറ്റിലുണ്ടായിരുന്നത് അഖിലേഷ് തന്നെയാണ്. അഖിലേഷ് അടക്കമുള്ള എയര്‍ ഇന്ത്യ സംഘത്തെ അന്ന് കയ്യടികളോടെയാണ് കരിപ്പൂര്‍ സ്വീകരിച്ചത്. മെയ് 8നായിരുന്നു അത്. പക്ഷേ മൂന്ന് മാസത്തിന് ശേഷം ദുബായില്‍ നിന്നും കരിപ്പൂരിലേക്കുള്ള അദ്ദേഹത്തിന്‍റെ  യാത്ര മരണത്തിലേക്കായി....  മികച്ച പൈലറ്റായിരുന്നു അഖിലേഷെന്ന് എയര്‍ ഇന്ത്യയും സാക്ഷ്യപ്പെടുത്തുന്നു.