Karnataka Assembly Election Result 2023: കർണാടക `കൈ`ക്കുമ്പിളിൽ; താമരത്തണ്ടൊടിച്ച് കൈപിടിച്ച് കർണാടകം
Karnataka Assembly Election Result: ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ കോൺഗ്രസ് ബഹുദൂരം മുന്നിലെത്തി. പിന്നീട് അൻപതിലേറെ സീറ്റുകളുടെ വ്യത്യാസം വോട്ടെണ്ണൽ തീരും വരെ നിലനിർത്തിയാണ് കോൺഗ്രസ് വിജയം പിടിച്ചെടുത്തത്.
ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ത്രസിപ്പിക്കുന്ന വിജയം. 2018ൽ സിദ്ധരാമയ്യ നേതൃത്വം നൽകിയ മന്ത്രിസഭ പുറത്തുപോയി അഞ്ച് വർഷത്തിനു ശേഷമാണ് സംസ്ഥാനഭരണത്തിലേക്ക് കോൺഗ്രസ് തിരിച്ചെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ ശക്തമായ പ്രചാരണത്തെ അതിജീവിച്ചാണ് കോൺഗ്രസിൻ്റെ തിളക്കമാർന്ന വിജയം. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് കർണാടകയിലെ തെരഞ്ഞെടുപ്പു ഫലം.
224 അഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനാവശ്യമായ 113 എന്ന മാജിക് നമ്പറിലേക്ക് കാര്യമായ വെല്ലുവിളികൾ ഇല്ലാതെയാണ് കോൺഗ്രസ് എത്തിയത്. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ഒഴികെ ബിജെപിക്ക് ചലനമുണ്ടാക്കാനായില്ല. ആദ്യഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നു തോന്നിച്ചെങ്കിലും ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ സ്ഥിതി മാറി. ജെഡിഎസിന് ഒരു ഘട്ടത്തിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ കോൺഗ്രസ് ബഹുദൂരം മുന്നിലെത്തി. പിന്നീട് അൻപതിലേറെ സീറ്റുകളുടെ വ്യത്യാസം വോട്ടെണ്ണൽ തീരും വരെ നിലനിർത്തിയാണ് കോൺഗ്രസ് വിജയം പിടിച്ചെടുത്തത്.
1985 നു ശേഷം ആർക്കും ഭരണത്തുടർച്ചയുണ്ടായിട്ടില്ലാത്ത കർണാടകത്തിൽ ചരിത്രം ആവർത്തിച്ചാണ് ബിജെപി പുറത്തേക്കും കോൺഗ്രസ് ഭരണത്തിലേക്കുമെത്തുന്നത്. ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭരണത്തിൽ നിന്നും ബിജെപി പുറത്തുപോയി. കർണാടകയിലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് അഭിമാനപ്പോരാട്ടമായിരുന്നു. നരേന്ദ്ര മോദി, അമിത്ഷാ, ജെപി നദ്ദ തുടങ്ങിയവർ അടക്കമുളള ദേശീയ നേതാക്കളാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്.
നരേന്ദ്ര മോദി പല തവണ നേരിട്ടെത്തി റോഡ്ഷോ അടക്കം നടത്തിയായിരുന്നു പ്രചാരണം. ഇതിനെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവർ പ്രചാരണത്തിനെത്തി. കോൺഗ്രസ് അധ്യക്ഷൻ മാല്ലികാർജുൻ ഖാർഗെക്കും സ്വന്തം സംസ്ഥാനം എന്ന നിലയിൽ ഇത് അഭിമാന പോരാട്ടമായിരുന്നു. അദ്ദേഹം കർണാടകത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തി. കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷനും തന്ത്രജ്ഞനുമായ ഡികെ ശിവകുമാറിൻ്റെ കൂടി വിജയമാണ് കർണാടകയിലേത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പടയൊരുക്കത്തിന് കോൺഗ്രസിന് കരുത്തു പകരുന്നതാണ് കർണാടകയിലെ വിജയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...