Karnataka Election Result 2023: ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ്; പാര്‍ട്ടി ആസ്ഥാനത്ത് ആഘോഷം തുടങ്ങി
Celebrations started at national headquarters of Congress: വോട്ടെണ്ണൽ ആരംഭിച്ച ശേഷം പല ഘട്ടത്തിലും കോൺഗ്രസ് കേവല ഭൂരിപക്ഷം മറികടന്ന് മുന്നേറുന്ന കാഴ്ചയാണ് കാണാനായത്.
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം തുടരുകയാണ്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം മറികടന്നു കഴിഞ്ഞു. ഇതോടെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.
224 മണ്ഡലങ്ങളിലേയ്ക്ക് ഈ മാസം 10നാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഉച്ചയോടെ കര്‍ണാടക ആര് ഭരിക്കുമെന്ന കാര്യത്തില്‍ പൂര്‍ണചിത്രം ലഭിക്കും. സംസ്ഥാനത്ത് കഴിഞ്ഞ 36 വര്‍ഷമായി തുടര്‍ഭരണം ഉണ്ടായിട്ടില്ല. ഈ ചരിത്രം തിരുത്തിക്കുറിക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍, ചരിത്രം ആവര്‍ത്തിക്കുക തന്നെ ചെയ്യുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ വിലപേശാനുറച്ച് ജെഡിഎസും രംഗത്തുണ്ട്. തൂക്കുസഭ വന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയാകാന്‍ ജെഡിഎസിന് കഴിയും. അതേസമയം, കര്‍ണാടകയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും എല്ലാം ജനങ്ങള്‍ക്കും ദൈവത്തിനും സമര്‍പ്പിക്കുകയാണെന്നും വോട്ടെണ്ണലിന് തൊട്ടുമുമ്പ് കുമാരസ്വാമി പ്രതികരിച്ചു.
കർണാടകയിൽ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ബെംഗളൂരുവില്‍ നിരോധനാജ്ഞ
ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വോട്ടെണ്ണല്‍ ദിനത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗളൂരു ജില്ലയില്‍ മുഴുവനായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു പോലീസിന്റേതാണ് നടപടി.
ശനിയാഴ്ച രാവിലെ 6 മണി മുതല്‍ രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗളൂരു പോലീസ് കമ്മീഷണറേറ്റ് പരിധിയില്‍ മദ്യവില്‍പ്പനയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ ആകെ അഞ്ച് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. 32 അസംബ്ലി സീറ്റുകളിലെ വോട്ടുകളാണ് ഈ അഞ്ച് കേന്ദ്രങ്ങളിലായി എണ്ണുന്നത്.
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും തമ്മിലുള്ള കടുത്ത മത്സരമാണ് ഇത്തവണയും നടക്കുന്നത്. വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം പ്രവചിച്ചിരുന്നത്. ഏതാണ്ട് ഈ പ്രവചനങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിലെ ലീഡ് നില. ആകെ 224 നിയമസഭ മണ്ഡലങ്ങളാണ് കര്‍ണാടകയിലുള്ളത്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...