Karnataka: ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ
മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി
ബെംഗളൂരു: കർണാടകയിൽ (Karnataka) ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മാഗഡി റോഡ് തിഗളരപാളയ ചേതൻ സർക്കിളെ വീട്ടിലാണ് ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേരെ മരിച്ചതായി കണ്ടെത്തിയത്.
മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കുടുംബ വഴക്കിനെ തുടർന്നാണെന്നാണ് സംശയം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
ഭാരതി (51), മക്കളായ സിഞ്ചന (31), സിന്ധുറാണി (21), മധുസാഗർ (25), സിന്ധു റാണിയുടെ ഒൻപത് മാസം പ്രായമായ പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്. ഭാരതി, സിഞ്ചന, സിന്ധുറാണി, മധുസാഗർ എന്നിവരെ വിവിധ മുറികളിലായി തൂങ്ങിമരിച്ച നിലയിലും കുഞ്ഞിന്റെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്.
സംഭവം നടന്ന് 3-4 ദിവസം പിന്നിട്ടിട്ടും അയൽക്കാർ സംഭവം അറിഞ്ഞില്ലെന്നതും ദുരൂഹത വർധിപ്പിക്കുന്നു. ഇക്കാര്യത്തിലും അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഭക്ഷണം ലഭിക്കാതെ അബോധാവസ്ഥയിലായ മൂന്ന് വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാരതിയുടെ ഭർത്താവും മാധ്യമപ്രവർത്തകനുമായ ശങ്കർ വീട്ടിൽ ഇല്ലായിരുന്നു. മൂന്ന് ദിവസമായി വീട്ടിൽ ആരും ഫോൺ എടുക്കാത്തതിനെ തുടർന്ന് തിരിച്ചെത്തിയപ്പോഴാണ് മരണ വിവരം അറിഞ്ഞതെന്നും പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...