Kitex: തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി ഉയർത്തി കിറ്റെക്സ്
2,400 കോടിയുടെ നിക്ഷേപ പദ്ധതികളാണ് തെലങ്കാനയിൽ കിറ്റെക്സ് നടപ്പാക്കുന്നത്. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നൽകുമെന്നാണ് കിറ്റക്സ് അറിയിച്ചത്.
കൊച്ചി: കേരളത്തിലെ പദ്ധതികളിൽ നിന്ന് പിൻമാറിയ കിറ്റെക്സ് ഗ്രൂപ്പ് (Kitex Group) തെലങ്കാനയിൽ (Telangana) 2400 കോടിയുടെ നിക്ഷേപ (Investment) പദ്ധതികളില്‍ ഒപ്പുവച്ചു. ഹൈദരാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ രണ്ട് വൻകിട പദ്ധതികൾക്കായുള്ള നിക്ഷേപ ധാരണാപത്രം കിറ്റക്സ് തെലങ്കാന സർക്കാരിന് (Telangana Government) കൈമാറി. നേരത്തെ പറഞ്ഞതിൽ നിന്ന് ഇരട്ടിയലധികം രൂപയുടെ നിക്ഷേപമാണ് കിറ്റെക്സ് (Kitex) തെലങ്കാനയിൽ നടത്തുന്നത്.
22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നൽകുമെന്നാണ് കിറ്റക്സ് അറിയിച്ചത്. 40,000 തൊഴിലവസരങ്ങളില്‍ 85 ശതമാനവും ലഭിക്കുക വനിതകള്‍ക്കാണ്. രണ്ട് പദ്ധതികളിലാണ് കിറ്റെക്‌സ് ഗ്രൂപ്പും തെലങ്കാന സര്‍ക്കാരും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. വാറങ്കലില്‍ മെഗാ ടെക്‌സ്റ്റൈല്‍സ് പാര്‍ക്ക്, ഹൈദരാബാദിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിലെ വ്യവസായം.
തെലങ്കാന വ്യവസായ മന്ത്രിയടക്കം മൂന്ന് മന്ത്രിമാരും ഹൈദരാബാദ് മേയറും ചടങ്ങിൽ പങ്കെടുത്തു. തെലങ്കാനയിലെ വ്യവസായത്തിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി ആരംഭിക്കുമെന്നും കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് വ്യക്തമാക്കി. തെലങ്കാനയിലേത് ശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണെന്നാണ് കിറ്റെക്സ് പറയുന്നത്.
കേരളത്തില്‍ വിവിധ സര്‍ക്കാര്‍ (Governments) വകുപ്പുകള്‍ കിറ്റെക്‌സില്‍ തുടര്‍ച്ചയായി നടത്തിയ പരിശോധനകളില്‍ പ്രതിഷേധിച്ചാണ് കിറ്റെക്‌സ് ഗ്രൂപ്പ് (Kitex Group) കേരളത്തിലെ 3500 കോടിയുടെ നിക്ഷേപം (Investment) പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ വ്യവസായ അനുകൂല അന്തരീക്ഷമില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് (Sabu M Jacob) കേരളത്തിലെ നിക്ഷേപം പിന്‍വലിച്ച് പദ്ധതി തെലങ്കാനയിലേക്ക് മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.