Lakshadweep: ഐഷ സുൽത്താനയ്ക്ക് പിന്തുണ നൽകി ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി
ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ബിജെപി ലക്ഷദ്വീപ് ഘടകം അനുകൂലിച്ചുവെന്ന് ആരോപിച്ചാണ് രാജി
കവരത്തി: ലക്ഷദ്വീപിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ബിജെപി നേതൃത്വം സ്വീകരിക്കുന്ന നിലപാടുകളിൽ പ്രതിഷേധിച്ചും ഐഷ സുൽത്താനയ്ക്ക് (Aisha Sulthana) പിന്തുണ പ്രഖ്യാപിച്ചും ലക്ഷദ്വീപ് ബിജെപിയിൽ (Lakshadweep BJP) കൂട്ട രാജി. ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ബിജെപി ലക്ഷദ്വീപ് ഘടകം അനുകൂലിച്ചുവെന്ന് ആരോപിച്ചാണ് രാജി.
ചെത്ത്ലാത്ത് ദ്വീപിൽ നിന്നുള്ള പ്രവർത്തകരാണ് പാർട്ടിയുടെ പ്രഥമികാംഗത്വം രാജിവച്ചത്. ബിജെപി ലക്ഷദ്വീപ് സെക്രട്ടറി അബ്ദുൾ ഹമീദ്, വഖഫ് ബോർഡ് അംഗം ഉമ്മുൽ കുലുസ്, ഖാദി ബോർഡ് അംഗം സൈഫുള്ള പക്കിയോട എന്നിവരടക്കം 12 പേരാണ് രാജിവച്ചത്. അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ ദ്വീപ് ജനയ്ക്കൊപ്പം പാർട്ടി നിൽക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
ALSO READ: Lakshadweep : ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു
ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുൾ ഹാജി നൽകിയ പരാതിയിലാണ് സംവിധായിക ഐഷ സുൽത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ (Lakshadweep administrator) പ്രഫുൽ കോഡ പട്ടേലിന് ബയോവെപ്പൺ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി ഐഷ സുൽത്താനക്കെതിരെ പരാതി നൽകിയത്. ബയോവെപ്പൺ എന്ന വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും അയാളും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെയാണ് തനിക്ക് തോന്നിയതെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു.
ജൂൺ 20ന് ഐഷ സുൽത്താനയോട് കവരത്തി സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഐഷ സുൽത്താന പറഞ്ഞു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ (High court) സമീപിക്കുമെന്ന് ഐഷ സുൽത്താന വ്യക്തമാക്കി.
അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതികരിച്ചതിനുള്ള ശിക്ഷയാണ് രാജ്യദ്രോഹക്കേസ്. പ്രഫുൽ പട്ടേലിന്റെ നയങ്ങളെയാണ് ജൈവായുധം എന്ന് വിശേഷിപ്പിച്ചത്. രാജ്യത്തിനെതിരെയോ കേന്ദ്ര സർക്കാരിനെതിരെയോൗ പരാമർശം ഉണ്ടായിട്ടില്ല. ചാനൽ ചർച്ചയിൽ, മലയാളം ശരിക്ക് സംസാരിക്കാൻ അറിയാത്ത തനിക്ക് ചെറിയൊരു നാക്കുപിഴ മാത്രമാണ് ഉണ്ടായത്. തിരിച്ചറിഞ്ഞ ഉടൻ വീഡിയോയും കുറിപ്പും പുറത്തിറക്കുകയും പരാമർശം തിരുത്തുകയും ചെയ്തിരുന്നുവെന്ന് ഐഷ സുൽത്താന വ്യക്തമാക്കി.
ഐഷ സുൽത്താനയ്ക്ക് പൂർണ പിന്തുണയുമായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും രംഗത്തെത്തിയിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തണമെങ്കിൽ രാജ്യത്തിനെതിരെ സംസാരിക്കണം. ഐഷ അത് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോകുന്നതിനുള്ള എല്ലാ സഹായവും ഐഷയ്ക്ക് നൽകുമെന്നും എംപി എന്ന നിലയിൽ അത് തന്റെ ഉത്തരവാദിത്തമാണെന്നും ഫൈസൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.