ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഏഴാമത്തേതും അവസാനത്തേയുമായ ഘട്ടത്തില്‍ ഉച്ചവരെ സാമാന്യം മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

എഴാം ഘട്ടത്തില്‍ പശ്ചിമ ബംഗാളിൽ നിരവധി അക്രമ സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ഉണ്ട്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകര്‍ വോട്ടർമാരെയും പോളിംഗ് ഏജന്‍റുമാരെയും ഭീഷണിപ്പെടുത്തുന്നതായി ബിജെപി ആരോപിച്ചു. ബിജെപിയുടെ ജാധവ്പുർ സ്ഥാനാർഥിയായ അനുപം ഹസ്രയുടെ കാർ ആക്രമിക്കപ്പെട്ടു. അക്രമത്തിന് പിന്നിൽ തൃണമൂൽ ആണെന്നാണ് ബിജെപിയുടെ  ആരോപണം. അതേസമയം, പരാജയഭീതികൊണ്ടാണ് തൃണമൂൽ പോളിംഗിനിടെ അക്രമം അഴിച്ചുവിടുന്നതെന്ന് അനുപം ഹസ്ര മാധ്യമങ്ങളോട് പറഞ്ഞു.


കൂടാതെ, പശ്ചിമ ബംഗാളിലെ നിരവധി ബൂത്തുകളില്‍ ബിജെപി അനുകൂല വോട്ടർമാരെ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുന്നില്ലെന്ന്‍ ബിജെപി പരാതിപ്പെട്ടു. 


പഞ്ചാബില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമസംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എന്നാല്‍ സംഭവത്തിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. 


അതേസമയം, പതിനേഴാം ലോക്സഭയിലേക്കുള്ള എഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 മണിക്കാണ് അവസാനിക്കുക. 12 മണിവരെ 35% പോളിംഗ് രേഖപ്പെടുത്തി.


7 സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തേയും 59 ലോകസഭ മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ പോളിംഗ് നടക്കുന്നത്.  പഞ്ചാബ് 13, ഉത്തര്‍പ്രദേശ് 13, ബംഗാള്‍ 9, ബീഹാര്‍ 8, മധ്യപ്രദേശ് 8, ഹിമാചല്‍ പ്രദേശ് 4, ഝാർഖണ്ഡ് 3, ഛണ്ഡീഗഢ് 1 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.


തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണാസി. പ്രധാനമന്ത്രിയുള്‍പ്പെടെ 918 സ്ഥാനാര്‍ത്ഥികളാണ് ഏഴാംഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍, ശത്രുഘന്‍ സിന്‍ഹ, കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്, നടന്‍ സണ്ണി ഡിയോള്‍ എന്നിവരാണ് അവസാന ഘട്ടത്തില്‍ വിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍.


വാരാണസിയില്‍ 11 മണിവരെ 23.10% പോളിംഗ് രേഖപ്പെടുത്തി.  


സംസ്ഥാനങ്ങളിലെ 12:30 വരെയുള്ള പോളിംഗ് ശതമാനം ചുവടെ: 


പഞ്ചാബ് : 23.45%


ഉത്തര്‍പ്രദേശ് : 23.16s%


പശ്ചിമ ബംഗാള്‍: 32.53%


ബീഹാര്‍ : 18.90%


മധ്യപ്രദേശ് : 29.48%


ഹിമാചല്‍ പ്രദേശ് : 27.98%


ഝാർഖണ്ഡ് : 31.39%


ഛണ്ഡീഗഢ് : 22.30%