ലോക്സഭാ തിരഞ്ഞെടുപ്പ് 2019: യു.പിയില്‍ എസ്.പി-ബി.എസ്.പി സീറ്റ് വിഭജനം പൂര്‍ത്തിയായി
ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യം ചേരാനുള്ള തിരക്കിട്ട തയ്യാറെടുപ്പിലാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും.
ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യം ചേരാനുള്ള തിരക്കിട്ട തയ്യാറെടുപ്പിലാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും.
കേന്ദ്രത്തില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ മാജിക് നമ്പര്‍ നേടിയെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് പാര്‍ട്ടികള്‍.
എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പിലെ നിര്‍ണ്ണായക സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍നിന്നാണ് ആദ്യ സഖ്യ സൂചനകള്‍ പുറത്തു വരുന്നത്. അവിടെ മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിയും അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള എസ്പിയും സഖ്യമായി മത്സരിക്കുമെന്ന കാര്യം ഉറപ്പായി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കഴിഞ്ഞദിവസം ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 80 ലോക്സഭാ സീറ്റില്‍ 37 സീറ്റുകളില്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
ബാക്കിവരുന്ന 6 സീറ്റുകള്‍ മഹാസഖ്യത്തിന്‍റെ ഭാഗമാകുന്ന മറ്റ് പാര്‍ട്ടികള്‍ക്കു നല്‍കാനും യോഗം തീരുമാനിച്ചു. കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ഈ 6 സീറ്റുകളില്‍ നിന്നും 2 സീറ്റുകള്‍ മാത്രം കോണ്‍ഗ്രസിന് നല്‍കാനാണ് എസ്.പി-ബി.എസ്.പി സഖ്യ തീരുമാനം. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മത്സരിക്കുന്ന റായ് ബറേലിയും അമേഠിയുമാണ് ഈ രണ്ടു സീറ്റുകള്‍. എന്നാല്‍ എസ്.പി-ബി.എസ്.പി സഖ്യത്തിന്‍റെ ഈ തീരുമാനത്തോട് കോണ്‍ഗ്രസ് യോജിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ പൊതു തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
എന്നാല്‍ ഉത്തര്‍ പ്രദേശിലെ മഹാസഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ സഖ്യത്തില്‍ കോണ്‍ഗ്രസിനു സ്ഥാനം നല്‍കേണ്ടതില്ലയെന്ന സൂചനയാണ് മായാവതിയും അഖിലേഷ് യാദവും നല്‍കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ മോശം പ്രകടനമാണ് ഇത്തരമൊരു നിലപാടിനു പിന്നിലെന്നാണ് സൂചന.
ഇതിനു പുറമേ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് സ്വീകരിച്ച ആധിപത്യ മനോഭാവവും എസ്.പി-ബി.എസ്.പി സഖ്യത്തെ ചൊടിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ ഏറെ താല്‍പര്യത്തോടെ എസ്.പിയും ബി.എസ്.പിയും മുന്നോട്ടുവന്നിട്ടും തണുപ്പന്‍ പ്രതികരണമായിരുന്നു കോണ്‍ഗ്രസില്‍ നിന്നുണ്ടായത്.
തിരഞ്ഞെടുപ്പിന് ഇനിയും സമയം ഏറെയുള്ളതിനാല്‍ പുതിയ സഖ്യങ്ങളും രാഷ്ട്രീയ നീക്കങ്ങളും പ്രതീക്ഷിക്കാം.