ചെന്നൈ: എം.കെ.സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. രാവിലെ ഒമ്പതിന് പാര്‍ട്ടി ആസ്ഥാനമായ അണ്ണാഅറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. പാര്‍ട്ടി മുതിര്‍ന്ന നേതാവ് എസ്. ദുരൈമുരുഗനെ ഖജാന്‍ജിയായി തിരഞ്ഞെടുത്തു. വൈകീട്ട് ചുമതല ഏറ്റെടുക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്റ്റാലിന്‍ ചുമതലയേല്‍ക്കുന്നതോടെ അരനൂറ്റാണ്ട് കാലം എം.കരുണാനിധി വഹിച്ച പദവികളെല്ലാം അദ്ദേഹം പിന്‍ഗാമിയായി കണ്ട മകന്‍റെ ചുമലിലായി. കരുണാനിധിക്ക് ശേഷം ഡിഎംകെയെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായി.


ഞായറാഴ്ച പത്രിക സമര്‍പ്പിക്കും മുമ്പ് സ്റ്റാലിന്‍ അമ്മയെ കണ്ട് ആശീര്‍വാദം വാങ്ങി. മുതിര്‍ന്ന പാര്‍ട്ടി നേതാവ് അന്‍പഴകനെയും സന്ദര്‍ശിച്ചിരുന്നു. കരുണാനിധിയുടെ സമാധി സ്ഥലത്ത് അല്‍പ്പനേരം പ്രാര്‍ഥിച്ച ശേഷമാണ് പത്രിക സമര്‍പ്പിക്കാന്‍ സ്റ്റാലിന്‍ പുറപ്പെട്ടത്.


പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്റ്റാലിനല്ലാതെ മറ്റാരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല. പത്രികകളില്‍ ഡി.എം.കെ.യുടെ 65 ജില്ലാസെക്രട്ടറിമാര്‍ ഒപ്പുവെച്ചിരുന്നു.