Bhopal: ലൗ ജിഹാദിനെതിരേ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന  മധ്യപ്രദേശ് സര്‍ക്കാര്‍ രാജ്യത്ത് ആദ്യമായി പശുക്കളുടെ സംരക്ഷണത്തിനും  ഉന്നമനത്തിനുമായി പ്രത്യേക ക്യാബിനറ്റ് രൂപീകരിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യ പ്രദേശ്‌ (Madhya Pradesh) മുഖ്യമന്ത്രി  ശിവരാജ് സിംഗ്  ചൗഹാനാണ്  (Shivraj Singh Chouhan)  ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.   മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ഗാര്‍ഹിക, കര്‍ഷകക്ഷേമ വകുപ്പുകളാണ്  ഈ  'പശു മന്ത്രിസഭ'  (cow Ministry)യില്‍ ഉണ്ടാവുക. 


ഈ മന്ത്രിസഭയുടെ ആദ്യ യോഗം നവംബര്‍ 22ന് ഉച്ചയ്ക്ക് 12 മണിക്ക് ഗോപഷ്ടമി ദിനത്തില്‍ സാലാരിയ അഗര്‍ മാല്‍വയിലുള്ള പശു സംരക്ഷണ കേന്ദ്രത്തില്‍വെച്ച്‌ നടക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.


എന്നാല്‍ പുതിയ മന്ത്രിസഭയ്ക്ക് ഉണ്ടായേക്കാവുന്ന അധികാരങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ മധ്യ പ്രദേശ് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.  


അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ ആദ്യം  അറിയിച്ചത്. ഇതിന് പിന്നാലെയാണ് പശു സംരക്ഷണത്തിനായി കാബിനറ്റിനുള്ള നടപടികളും ആരംഭിക്കുന്നത്.


കഴിഞ്ഞയാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഗോമാതാവിന്‍റെ  സംരക്ഷണത്തിനും പരിപാലനത്തിനുമായിട്ടാണ് ക്യാബിനറ്റ് രൂപീകരിക്കുന്നത്.


രാജ്യത്ത് തന്നെ ആദ്യ പശു സാങ്ച്വറിയും മദ്ധ്യപ്രദേശില്‍ തന്നെയാണ്. കാമധേനു ഗോ അഭിയാന്‍റെ  ഭാഗമായി 2017 ലായിരുന്നു സാങ്ച്വറി ആരംഭിച്ചത്. ആറായിരത്തോളം പശുക്കളെ ഇവിടെ സംരക്ഷിക്കാനാകും. മധ്യ പ്രദേശിലെ പശു പരിപാലന കേന്ദ്രങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കൗ ക്യാബിനറ്റും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.


Also read: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ട്രോളി 3 പേര്‍... !


നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്ത നടന്ന ഉപതിരഞ്ഞെടുപ്പിലുമെല്ലാം  കന്നുകാലി സംരക്ഷണം സംസ്ഥാനത്ത് ഒരു മുഖ്യ അജണ്ടയായി ഉയര്‍ന്നിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ കമല്‍നാഥ് സര്‍ക്കാര്‍ അന്ന് പശു പരിപാലകരുടെ അലവന്‍സ് ഉയര്‍ത്തിയിരുന്നു. ഇതിന് പുറമെ പശുക്കള്‍ക്ക് ആയിരത്തോളം തൊഴുത്തുകള്‍ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. 


ഈ വര്‍ഷം ആദ്യം ഉത്തര്‍ പ്രദേശ് സര്‍ക്കാരും സംസ്ഥാനത്ത് പശു കശാപ്പ് തടയുന്നതിനുള്ള ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു.