Maha Kumbh Mela 2025: മഹാകുംഭമേളയ്ക്കായി 13,000 ട്രെയിൻ സർവീസുകൾ; 5000 കോടിയിലധികം രൂപ ഒരുക്കങ്ങൾക്കായി ചിലവഴിച്ചെന്ന് റെയിൽവേ മന്ത്രി
Kumbh Mela Celebrations: കുംഭ മേളയ്ക്കായി രണ്ട് കോടിയോളം യാത്രക്കാർ ട്രെയിൻ മാർഗം നഗരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയിൽവേ മന്ത്രി പറഞ്ഞു.
പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തുന്ന ഭക്തരുടെ സൗകര്യത്തിനായി 3,000 സ്പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെ 13,000 ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കുംഭ മേളയ്ക്കായി രണ്ട് കോടിയോളം യാത്രക്കാർ ട്രെയിൻ മാർഗം നഗരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയിൽവേ മന്ത്രി പറഞ്ഞു.
പ്രയാഗ്‌രാജിലെ നോർത്ത് ഈസ്റ്റ് റെയിൽവേ, നോർത്തേൺ റെയിൽവേ, നോർത്ത് സെൻട്രൽ റെയിൽവേ എന്നീ ഡിവിഷനുകൾക്ക് കീഴിലുള്ള നിരവധി സ്റ്റേഷനുകളിൽ മന്ത്രി പരിശോധന നടത്തി. ഗംഗ നദിക്ക് മുകളിൽ നിർമിച്ച പുതിയ പാലത്തിലും പരിശോധന നടത്തിയതായി മന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി പാലം ഉടൻ തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. മൊബൈൽ യുടിഎസ് (അൺറിസർവ്ഡ് ടിക്കറ്റ് സിസ്റ്റം) ആദ്യമായി പ്രയാഗ്‌രാജിൽ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. പുരിയിലെ രഥയാത്രയിലും ഈ സംവിധാനം ഉപയോഗിച്ചിരുന്നതായി മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.
മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജ്-വാരണാസി റൂട്ടിലെ റെയിൽവേ ട്രാക്ക് ഇരട്ടിയാക്കിയതായി മന്ത്രി അറിയിച്ചു. ഫഫാമൗ-ജങ്ഹായ് സെക്ഷൻ ഇരട്ടിപ്പിച്ചു. ഝാൻസി, ഫഫാമൗ, പ്രയാഗ്‌രാജ്, നൈനി, ചിയോകി, സുബേദർഗഞ്ച് സ്റ്റേഷനുകളിൽ രണ്ടാമത്തെ പ്രവേശന കവാടം നിർമിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ സ്റ്റേഷനുകളിലും കൺട്രോൾ റൂം സജ്ജീകരിച്ചു. അത് പ്രയാഗ്‌രാജ് സ്റ്റേഷനിലെ മാസ്റ്റർ കൺട്രോൾ റൂമിലേക്ക് തത്സമയ ഫീഡുകൾ അയക്കും. മഹാ കുംഭ് നഗറിൽ നിന്നുള്ള സിസിടിവി ക്യാമറകളുടെ ഫീഡും മാസ്റ്റർ കൺട്രോൾ റൂമിൽ ലഭിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. പ്രയാഗ്‌രാജിലെ വിവിധ സ്റ്റേഷനുകളിലായി 48 പ്ലാറ്റ്ഫോമുകൾ കൂടാതെ ഇരുപത്തിമൂന്നിലധികം ഹോൾഡിങ് ഏരിയകൾ നിർമിച്ചു.
ഇന്ത്യൻ റെയിൽവേ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 5,000 കോടി രൂപയിലധികം മഹാ കുംഭമേള ഒരുക്കങ്ങൾക്കായി ചിലവഴിച്ചതായി റെയിൽവേ മന്ത്രി പറഞ്ഞു. 2025 ജനുവരി പതിമൂന്നിന് പൗഷപൂർണിമ ദിനത്തിൽ ആരംഭിക്കുന്ന മഹാ കുംഭ മേള ഫെബ്രുവരി ഇരുപത്തിയാറിന് മഹാശിവരാത്രി ദിനത്തിലാണ് സമാപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.