Maharashtra Crisis : മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ വീഴുന്നു; സൂചന നൽകി ആദിത്യ താക്കറെയും സഞ്ജയ് റൗത്തും
Maharashtra Political Crisis ഇന്ന് ജൂൺ 22ന് ഉച്ചയ്ക്ക് മന്ത്രിസഭയോഗം കൂടാനിരിക്കെയാണ് റൗത്തിന്റെ ട്വീറ്റ്. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്ന് ശിവസേന അറിയിച്ചു.
മുംബൈ : മഹാരാഷ്ട്രയിൽ വിമതരെ അനുനയിപ്പിക്കാനുള്ള ശിവസേനയുടെ നീക്കം പാളി. പിന്നാലെ മഹാ വികാസ് അഘാടി സർക്കാർ വീഴുന്നു എന്ന് സൂചന നൽകി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയും ശിവസേന പാർട്ടി വക്താവായ സഞ്ജയ് റൗത്തും. നിലവിലെ സ്ഥിതി തുടർന്നാൽ സർക്കാർ പിരിച്ച് വിടേണ്ടി വരുമെന്ന് റൗത് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. ട്വിറ്റർ ബയോയിൽ നിന്ന് മഹരാഷ്ട്ര ടൂറിസം മന്ത്രിയെന്ന് രേഖപ്പെടുത്തിയിരുന്നത് ആദിത്യ താക്കറെ നീക്കം ചെയ്യുകയും ചെയ്തു.
ഇന്ന് ജൂൺ 22ന് ഉച്ചയ്ക്ക് മന്ത്രിസഭയോഗം കൂടാനിരിക്കെയാണ് റൗത്തിന്റെ ട്വീറ്റ്. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്ന് ശിവസേന അറിയിച്ചു. അതേസമയം തന്നോടൊപ്പം 40 എംഎൽഎമാരുണ്ടെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡെ അറിയിച്ചു. ഷിൻഡെയ്ക്ക് പിന്തുണ നൽകിയ എംഎൽഎമാരെല്ലാരെയും അസമിലേക്ക് മാറ്റുകയും ചെയ്തു. ബിജെപി തങ്ങളുടെ എംഎൽഎമാരോട് മുംബൈയിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും ചെയ്തു.
തങ്ങളുടെ 44 എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് കോൺഗ്രസ് അറിയിച്ചു. ഡൽഹിയിൽ നിന്നും ഇന്നലെ ജൂൺ 21 രാത്രിയിൽ എത്തിയ ശരദ് പവാറിന്റെ നേതൃത്വത്തിൽ അനുരഞ്ജനം തീരുമാനിക്കുന്നതിനിടെയാണ് ഷിൻഡെ തനിക്ക് പിന്തുണയുള്ള എംഎൽമാരെ ഗുവാഹത്തിയിലേക്ക് മാറ്റിയത്. ബിജെപി പണവും മസ്സിൽ പവറും കണിക്കുകയാണെന്ന് കോൺഗ്രസിന്റെ നിരീക്ഷകനായ കമൽനാഥ് കുറ്റപ്പെടുത്തി.
അതേസമയം രാഷ്ട്രീയം അനിശ്ചിതത്വം നിലനിൽക്കവെ മഹരാഷ്ട്ര ഗവർണർ കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുകയാണ്. ഗവർണർ ഭഗത് സിങ് കൊഷ്യാരിയെ എഎച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.