Maharashtra Politics Update: മഹാരാഷ്ട്രയില്‍ വിമത MLAമാരുടെ ഡിമാന്‍ഡ്, ഉദ്ധവ് താക്കറെ ത്രിശങ്കുവില്‍
Maharashtra Politics Update: കണക്കുകള്‍ അനുസരിച്ച് നിലവില്‍ മഹാരാഷ്ട്രയിലെ മഹാ വികാസ് ആഘാഡി സര്‍ക്കാര്‍ പ്രതിസന്ധിയിലല്ല എങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം നിമിഷം തോറും മാറുകയാണ്.
വിമത നേതാവ് ഏകനാഥ് ഷിൻഡെ തനിക്ക് പിന്തുണ നല്‍കുന്ന എംഎൽഎമാർക്കൊപ്പം
ഗുജറാത്തിലെ സൂറത്തിലെ ഒരു ഹോട്ടലിൽ താമസിയ്ക്കുകയാണ്. ഷിൻഡെയ്‌ക്കൊപ്പം 21 എംഎൽഎമാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമത എംഎല്‍മാര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മുന്‍പില്‍ നിബന്ധനയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ്. ഇതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വീണ്ടും പ്രതിസന്ധിയിലായിരിയ്ക്കുകയാണ്.
കോൺഗ്രസും എൻസിപിയുമായുള്ള സഖ്യം അവസാനിപ്പിച്ചാല്‍ അംഗങ്ങള്‍ ശിവസേനയിൽ തുടരുമെന്നാണ് വിമതര്‍ അറിയിച്ചിരിയ്ക്കുന്നത്. കൂടാതെ, ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ബിജെപിയുമായി ചേർന്ന് ശിവസേന സർക്കാർ രൂപീകരിക്കണമെന്നും ഈ എംഎൽഎമാര്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയിലെ വിമത നീക്കം മറനീക്കി പുറത്തുവന്നത്. ശിവസേനയിലെ രണ്ടാം നമ്പർ നേതാവായ ഏക്‌നാഥ് ഷിൻഡെ തന്‍റെ പാർട്ടിയുമായി ഏറെ മാസങ്ങളായി നീരസത്തിലയിരുന്നു. തിങ്കളാഴ്ച ലെജിസ്ലേറ്റീവ് കൗൺസില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം അദ്ദേഹം തന്‍റെ പിന്തുണയുള്ള എംഎൽഎമാരുമായി ഗുജറാത്തിലെ സൂറത്തിലേക്ക് പുറപ്പെടുകയായിരുന്നു. ഇതോടെയാണ് മഹാ വികാസ് ആഘാഡി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.
അതേ സമയം, വിമത നീക്കം പുറത്തുവന്നതോടെ എംവിഎയുടെ സഖ്യകക്ഷികൾ ഈ പ്രതിസന്ധിയെ നേരിടാൻ യോഗം ചേരുകയും ആലോചനകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ, ഷിൻഡെയെയും മറ്റ് എംഎൽഎമാരെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
അതിനിടെ, ഏകനാഥ് ഷിൻഡെക്കെതിരെ ശിവസേന നടപടി സ്വീകരിച്ചു. നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്നും പാർട്ടി അദ്ദേഹത്തെ നീക്കി. പകരം സെവ്രി എംഎൽഎ അജയ് ചൗധരിക്കാണ് ഈ ചുമതല നൽകിയിരിക്കുന്നത്. എന്ത് വില കൊടുത്തും ഹിന്ദുത്വവുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ഷിൻഡെ പറഞ്ഞു.
ശിവസേനയിലെ ഈ പ്രതിസന്ധി പെട്ടെന്ന് ഉടലെടുത്തതല്ല. അത് ശിവസേന മേധാവി ഉദ്ധവ് താക്കറെ അവഗണിക്കുകയായിരുന്നു. കൂടാതെ, ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിന്‍റെ ചുമതലയിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തി. പകരം ആദിത്യ താക്കറെയെയും വരുൺ സർദേശായിയെയും ചുമതലപ്പെടുത്തി,ഇതും ഏകനാഥ് ഷിൻഡെയെ പ്രകോപിപ്പിച്ചിരുന്നു.
സർക്കാർ രൂപീകരണത്തിന് ശേഷം ഏകനാഥ് ഷിൻഡെയും മുഖ്യമന്ത്രിയും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നെങ്കിലും ക്രമേണ ഏക്നാഥ് ഷിൻഡെയും മുഖ്യമന്ത്രിയും തമ്മിലുള്ള ആശയവിനിമയം കുറഞ്ഞതും പ്രശ്നങ്ങള്‍ക്ക് കാരണമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...