150-ാം ഗാന്ധി ജയന്തി: 900 തടവുകാര്‍ക്ക് മോചനം
സ്ത്രീധന കൊല, ബലാത്സംഗങ്ങള്‍, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ വിട്ടയക്കില്ല.
ന്യൂഡല്‍ഹി: 150-ാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രത്യേക വിഭാഗങ്ങളില്‍പ്പെടുന്ന 900 തടവുകാരെ വിട്ടയയ്ക്കാന്‍ തീരുമാനം.
മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന നടപടിയുടെ ആദ്യ ഘട്ടത്തിലാണ് 900 തടവുകാരെ വിട്ടയയ്ക്കുന്നത്. ജൂലായ് 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനെറ്റ് യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി.
ഒക്ടോബര്‍ രണ്ടിനാരംഭിച്ച ആദ്യ ഘട്ടത്തിലെ വിട്ടയക്കല്‍ പൂര്‍ത്തിയായത് ഒരാഴ്ചയിലേറെ സമയമെടുത്താണ്. നടപടിയുടെ രണ്ടാം ഘട്ടം 2019 ഏപ്രില്‍ 19നും മൂന്നാം ഘട്ടം 2019 ഒക്ടോബര്‍ രണ്ടിനും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
55 വയസിനു മുകളില്‍ പ്രായമുള്ള 50 ശതമാനമോ അതില്‍ കൂടുതലോ തടവ് ശിക്ഷ അനുഭവിച്ച സ്ത്രീ, ട്രാന്‍സ്‌ജെൻഡർ വിഭാഗങ്ങളില്‍പ്പെട്ട തടവുകാരെ വിട്ടയയ്ക്കും.
കൂടാതെ 60 വയസിന് മുകളില്‍ പ്രായമുള്ള 50 ശതമാനമോ അതില്‍ കൂടുതലോ തടവ് ശിക്ഷ അനുഭവിച്ച പുരുഷ തടവുകാരെയും വിട്ടയയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇവരെക്കൂടാതെ 70 ശതമാനത്തിലേറെ ശാരീക വൈകല്യമുള്ളവരെയും തീവ്രമായ അസുഖം ബാധിച്ചവരേയും, ശിക്ഷാ കാലാവധിയില്‍ മൂന്നില്‍ രണ്ട് അനുഭവിച്ച് കഴിഞ്ഞവരെയും വിട്ടയയ്ക്കാനായി പരിഗണിക്കുന്നുണ്ട്.
അതേസമയം വധ ശിക്ഷയ്ക്ക് വിധിച്ചവരെയും വധശിക്ഷ ജീവപര്യന്തമായി കുറച്ചവരെയും വിട്ടയയ്ക്കില്ല. സ്ത്രീധന കൊല, ബലാത്സംഗങ്ങള്‍, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ വിട്ടയക്കില്ല.