മുംബൈ: നവിമുംബൈയിലെ ഒഎന്‍ജിസി പ്ലാന്‍റില്‍ വന്‍ തീപിടിത്തം. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. മുംബൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉറാനിലെ പ്ലാന്‍റിലാണ് വന്‍ അഗ്നിബാധയുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തീപിടിത്തത്തില്‍ 5 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ ഗുരുതരമായി പരിക്കേറ്റ 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.


സംഭവസമയത്ത് ഏതാനും ജോലിക്കാര്‍ പ്ലാന്‍റിലുണ്ടായിരുന്നു. തീ പടര്‍ന്നതോടെ ഈ പ്ലാന്‍റിലെ വാതകം 330 കിലോമീറ്റര്‍ അകലെ ഗുജറാത്തിലെ ഹസിറയിലെ പ്ലാന്‍റിലേയ്ക്ക് തിരിച്ചു വിട്ടതായി ഒഎന്‍ജിസി അധികൃതര്‍ പറഞ്ഞു. 


തീപിടിത്തത്തിന്‍റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല എങ്കിലും പ്ലാന്‍റിലെ കോള്‍ഡ് സ്‌റ്റോറേജില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് സൂചന.   


‘പ്ലാന്‍റിലെ ചൂടുവെള്ളം പോകുന്ന ഡ്രൈനേജിലാണ് തീപ്പിടത്തമുണ്ടായത്. ഒഎന്‍ജിസി അഗ്‌നിശമന സേനയും അപകട നിവാരണ സംഘവും പെട്ടെന്ന് തന്നെ തീയണക്കാനുള്ള നടപടികള്‍ ചെയ്തു. നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ഗ്യാസ് ഹസിറ പ്ലാന്‍റിലേയ്ക്ക് തിരിച്ചു വിട്ടു.’ ഒഎന്‍ജിസി ട്വീറ്റ് ചെയ്തു.


തീ കെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉറാന്‍, പനവേല്‍, നെരൂള്‍, ജെഎന്‍പിടി എന്നിവടങ്ങളില്‍ നിന്നുള്ള അഗ്നിശമന യൂണിറ്റുകളാണ് തീകെടുത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.