ന്യൂഡല്‍ഹി: വിചിത്ര ആവശ്യവുമായി ജില്ലാ ഭരണകൂടത്തിന് കത്തെഴുതി ബി.ജെ.പി എം.പി. ആവശ്യം മറ്റൊന്നുമല്ല, കേന്ദ്ര സര്‍ക്കാരിന്‍റെ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീരാമന് ഒരു വീട് പണിത് നല്‍കണ൦. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തര്‍പ്രദേശില്‍നിന്നുള്ള ലോക്‌സഭാംഗമായ ഹരി നാരായണന്‍ രാജ്ഭര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. "ഒരു മേല്‍ക്കൂരയുമില്ലാതെ മഴയും വെയിലും കൊണ്ട് നില്‍ക്കുകയാണ് ഇപ്പോള്‍ ശ്രീരാമന്‍, കേന്ദ്ര സര്‍ക്കാരിന്‍റെ ഭവനപദ്ധതിയില്‍ ശ്രീരാമന് ഒരു വീട് പണിത് നല്‍കണം, അയോധ്യയില്‍ രാം ലല്ല എന്ന പേരിലാണ് വീട് പണിയേണ്ടത്", അദ്ദേഹം തന്‍റെ കത്തിലെഴുതി.


പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം തര്‍ക്കമുള്ള പ്രദേശത്ത് വീട് നിര്‍മ്മിച്ച് താത്കാലിക ശ്രീകോവിലില്‍ നിന്ന് ശ്രീരാമനെ മാറ്റി സ്ഥാപിക്കണമെന്നും എംപി പറഞ്ഞു.


വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും അതിനാല്‍ ജില്ലാ ഭരണകൂടം പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി ശ്രീരാമന് വീട് നിര്‍മ്മിച്ചു നല്‍കണമെന്നും രാജ്ഭര്‍ പറയുന്നു.


ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്രനിര്‍മ്മാണം വീണ്ടും ചര്‍ച്ചയാകുന്നതിനിടെയാണ് ബി.ജെ.പി നേതാവിന്‍റെ വിചിത്രമായ ആവശ്യം.


2014ലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബിജെപിയുടെ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനം അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണമായിരുന്നു. ഈ വാഗ്ദാനം വോട്ടാക്കി മാറ്റാനും ബിജെപിയ്ക്ക് സാധിച്ചു. എന്നാല്‍ അധികാരത്തിലേറി 5 വര്‍ഷം പൂര്‍ത്തിയാകാറായിട്ടും രാമക്ഷേത്രനിര്‍മ്മാണത്തിന്‍റെ കാര്യത്തില്‍ തീരുമാനമായില്ല. 


അതേസമയം, വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാരോപിച്ച് ആര്‍.എസ്.എസ് അടക്കമുള്ള ഹിന്ദുത്വ സംഘടനകളും കൂടാതെ, ബിജെപി നേതാക്കള്‍പോലും രംഗത്തെത്തിയിരുന്നു.