ബംഗാളില്‍ നടക്കില്ല! അമിത് ഷായ്ക്ക് മുന്നറിയിപ്പ് നല്കി മമത
ദേശീയ പൗരത്വ രജിസ്റ്റർ (NRC) രാജ്യത്തുടനീളം നടപ്പാക്കുമെന്ന് പ്രസ്താവിച്ച ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുന്നറിയിപ്പ് നല്കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ദേശീയ പൗരത്വ രജിസ്റ്റർ (NRC) രാജ്യത്തുടനീളം നടപ്പാക്കുമെന്ന് പ്രസ്താവിച്ച ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുന്നറിയിപ്പ് നല്കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ദേശീയ പൗരത്വ രജിസ്റ്റര്‍ മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും അതുമായി ബംഗാളിലേക്ക് വരേണ്ടെന്നുമാണ് മമത വ്യക്തമാക്കിയത്.
കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമത.
അസമിലെ പൗരത്വ പട്ടികയില്‍ നിന്ന് 14 ലക്ഷം ഹിന്ദുക്കളും ബംഗാളികളും എങ്ങനെ പുറത്തായി എന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും മമത പറഞ്ഞു.
ബംഗാളിലെ ആരുടേയും പൗരത്വം ഒരാളും രേഖപ്പെടുത്താന്‍ പോകുന്നില്ലെന്ന് പറഞ്ഞ മമത വര്‍ഗീയ തരംതിരിവുകളുടെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന മുന്‍ നിലപാടും ആവര്‍ത്തിച്ചു.
അസമില്‍ എന്‍.ആര്.സി നടപ്പാക്കിയത് വിവാദമായപ്പോള്‍ അതിനെതിരെ ശക്തമായി നിലയുറപ്പിച്ചയാളാണ് മമത.
1971 മാര്‍ച്ച് 25ന് മുമ്പ് ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവരെ കണ്ടെത്തുകയും അവരെ തിരിച്ചയക്കുകയുമായിരുന്നു NRC-യുടെ മുഖ്യ ലക്ഷ്യം.
19 ലക്ഷത്തിലേറെ പേരാണ് അസമില്‍ പട്ടികക്ക് പുറത്തായത്. 3.28 കോടി പേര് അപേക്ഷിച്ചപ്പോള്‍ ഇത്രയും പേര് പട്ടികയില്‍ നിന്ന് പുറത്തായത് വലിയ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിവെച്ചിരുന്നു.
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്നും ഈ വിഷയത്തില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ടവരും പരിഭ്രമിക്കേണ്ടെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് മറുപടിയുമായി മമതയെത്തിയത്.
പൗരത്വ രജിസ്റ്റര്‍ നടപ്പിലാകുമ്പോള്‍ അതില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന ട്രൈബ്യൂണലുകളെ സമീപിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
അസമില്‍ ഇത്തരം ട്രൈബ്യൂണലുകളില്‍ അപേക്ഷ നല്കാന് കഴിയാത്തവര്‍ക്ക് പണം നല്കി സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കില്ലെന്നും അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി.
നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതുവരെ പോലീസ് വെടിവയ്പിൽ ഒരാളുടെ പോലും ജീവൻ നഷ്ടമായിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു.