ന്യുഡല്‍ഹി: സുഭാഷ് നഗറില്‍ ബുധനാഴ്ച പലര്‍ച്ചെ 5.30യോടെ വാഹനം ഇടിച്ച് പരുക്കേറ്റയാള്‍ ഒന്നര മണിക്കൂര്‍ റോഡില്‍ കിടന്ന് രക്തം വാര്‍ന്ന്‍ മരിച്ചു. റിക്ഷാ ഡ്രൈവറായ മതിബൂള്‍(40) കൊല്ലപ്പെട്ടത്. ഇയാളെ ഇടിച്ച് വീഴ്ത്തിയ വാഹനത്തിലെ ഡ്രൈവര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി ചുറ്റുവട്ടം നിരീക്ഷിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനു പുറമേ അതുവഴി വന്ന സൈക്കിള്‍ റിക്ഷയിലെ ഒരു വ്യക്തി പരുക്കേറ്റയാളെ സഹായിക്കുന്നതിനു പകരം അയാളുടെ തെറിച്ചുവീണ മൊബൈല്‍ ഫോണ്‍ എടുത്തു കടന്നുകളഞ്ഞു. അഞ്ഞൂറ് മീറ്റര്‍ അടുത്ത് ആശുപത്രി ഉണ്ടായിരുന്നിട്ടും അപകടത്തില്‍പ്പെട്ട യുവാവിനെ സഹായിക്കാന്‍ അതുവഴി പോയ ആരും തയ്യാറായില്ല. ഒരു മണിക്കൂര്‍ റോഡില്‍ കിടന്ന യുവാവിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ആ യുവാവ് മരിച്ചിരുന്നു. 


ഈ സംഭവത്തെ തുടര്‍ന്ന് റോഡപകടങ്ങളില്‍ പരുക്കേറ്റവരെ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര് തീരുമാനിച്ചു. പദ്ധതിയുടെ കരട് സര്‍ക്കാര്‍ തയ്യാറാക്കിയതായി ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വയ്ക്കുന്ന കരട് അംഗീകാരത്തിനായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിന് അയയ്ക്കും.


മദ്യപിച്ച് കിടക്കുകയാണെന്ന് കരുതിയാവാം വഴിയോരത്ത് കിടന്ന ഇയാളെ പലരും ഒഴിവാക്കിയതെന്ന് പോലീസ് പറയുന്നു. ഇടിച്ചുവീഴ്ത്തിയ ഡ്രൈവര്‍ക്കെതിരെയും മൊബൈല്‍ മോഷ്ടിച്ച വഴിയാത്രക്കാരനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.