സിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ഇന്നലെയുണ്ടായ മണ്ണിടിച്ചിലില്‍ മരണസംഖ്യ ഏഴ് ആയി. ആറുപേര്‍ക്ക് പരിക്കുണ്ട് 24 പേരെ കാണാതായി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

മാണ്ഡി-പത്താന്‍ കോട്ട് ദേശീയ പാതയിലുണ്ടായ അപകടത്തില്‍ രണ്ട് ടൂറിസ്റ്റ് ബസുകള്‍ മണ്ണിനടിയിലായതാണ് റിപ്പോര്‍ട്ട്‌.  ശനിയാഴ്ച അര്‍ദ്ധരാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍റെ രണ്ട് ബസുകളാണ് അകപ്പെട്ടത്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്ദീപ് കാഡം പറഞ്ഞു. 


ദൃക്സാക്ഷികളുടെ വിവരണമനുസരിച്ചു ഈ ദുരന്തം നടക്കുന്ന സമയത്ത് ഈ രണ്ടു ബസുകളും ദേശീയപാതയില്‍ യാത്രക്കാര്‍ക്കുവേണ്ടിയുള്ള വിശ്രമകേന്ദ്രത്തിനടുത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ചാംബയില്‍ നിന്ന് മണാലിയിലേക്കും, മണാലിയില്‍ നിന്നും കാത്രയിലേക്കും പോകുന്ന ബസുകളായിരുന്നു അവ. ഇതില്‍ ഒരു ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നവെന്നും അവര്‍ പറഞ്ഞു. സംഭവസ്ഥലത്ത് സൈന്യത്തിന്‍റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.