Manipur Violence Update: മണിപ്പൂർ അക്രമസംഭവങ്ങള്‍ അന്വേഷിക്കാൻ 3 അംഗ-പാനൽ രൂപീകരിച്ച് കേന്ദ്രം, റിപ്പോർട്ട് നല്കാന് 6 മാസത്തെ സമയം
Manipur Violence Update: മണിപ്പൂരിൽ നടന്ന അക്രമത്തിന്‍റെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും ഉത്തരവാദിത്തപ്പെട്ട അധികാരികളുടെയോ വ്യക്തികളുടെയോ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും കമ്മീഷൻ അന്വേഷിക്കും
Manipur Violence Update: മണിപ്പൂരിൽ മെയ് ആദ്യം ആരംഭിച്ച അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ 3 അംഗ-പാനൽ രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള പാനൽ ആണ് സംഭവം അന്വേഷിക്കുക.
കമ്മീഷൻ അതിന്‍റെ റിപ്പോർട്ട് എത്രയും വേഗം കേന്ദ്ര സർക്കാരിന് സമർപ്പിക്കണം. അതായത്, കമ്മീഷന്‍ അതിന്‍റെ ആദ്യ സിറ്റിംഗ് തീയതി മുതൽ ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബ അദ്ധ്യക്ഷനായ കമ്മീഷനില്‍ ഹിമാൻഷു ശേഖർ ദാസ്, ഐഎഎസ് (റിട്ട.) അലോക പ്രഭാകർ, ഐപിഎസ് (റിട്ട.) എന്നിവർ അംഗങ്ങളാണ്. കമ്മീഷന്‍ സംസ്ഥാനത്ത് മെയ് 3 മുതല്‍ സംഭവിച്ച ആക്രമ സംഭവങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മണിപ്പൂരിൽ നടന്ന അക്രമത്തിന്‍റെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും ഉത്തരവാദിത്തപ്പെട്ട അധികാരികളുടെയോ വ്യക്തികളുടെയോ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും കമ്മീഷൻ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലിലാണ് കമ്മീഷന്‍റെ ആസ്ഥാനം.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണിപ്പൂർ സന്ദർശനത്തിന് ശേഷം സംസ്ഥാനം ശാന്തമാവുകയാണ്. എന്നിരുന്നാലും അടുത്തിടെ 202 ആയുധങ്ങളും 252 വെടിക്കോപ്പുകളും 92 ബോംബുകളും പ്രശ്നബാധിത പ്രദേശത്തുനിന്നും കണ്ടെടുത്തിരുന്നു. ഇതുവരെ 789 ആയുധങ്ങളും 10648 വെടിക്കോപ്പുകളുമാണ് കണ്ടെടുത്തത്.
അതേസമയം, മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മണിപ്പൂർ സർക്കാരിന്‍റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ് പറഞ്ഞു.
ഇതിനിടെ ഇംഫാൽ-ദിമാപൂർ ദേശീയ പാതയില്‍ ആളുകള്‍ പ്രതിഷേധം നടത്തുന്നതായി റിപ്പോർട്ടുണ്ട്. ഉപരോധം പിൻവലിക്കാൻ അഭ്യർത്ഥിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മനോഹരമായ സംസ്ഥാനത്ത് നമുക്ക് ഒരുമിച്ച് നിന്ന് മാത്രമേ സാധാരണ നില പുനഃസ്ഥാപിക്കാൻ കഴിയൂ എന്നും പറഞ്ഞു. എല്ലാ സമുദായങ്ങളോടും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും സമാധാനം നിലനിർത്താനും ചർച്ചകൾ നടത്താനും ഐക്യം പ്രോത്സാഹിപ്പിക്കാനും ഒപ്പം ആയുധങ്ങൾ ഉപേക്ഷിച്ച് പോലീസിന് കീഴടങ്ങാനും അമിത് ഷാ അഭ്യർത്ഥിച്ചു. കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്നും സമാധാനവും ഐക്യവും നിലനിർത്തണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇംഫാൽ-ദിമാപൂർ, എൻഎച്ച്-2 ഹൈവേ, സംസ്ഥാനത്തെ സംബന്ധിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. കാരണം, ഭക്ഷണം, മരുന്നുകൾ, പെട്രോൾ/ഡീസൽ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതില്‍ ഈ ഹൈവേ പ്രധാന പങ്ക് വഹിക്കുന്നു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതോടെ 5 ജില്ലകളില്‍ കർഫ്യൂ പിൻവലിച്ചിരുന്നു. കൂടാതെ, മറ്റ് ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവ് വരുത്തിയിട്ടുണ്ട്. സംഘർഷം നാശം വിതച്ച മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ സന്ദര്‍ശനത്തിന് ശേഷം സംസ്ഥാനത്ത് സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 2023 മെയ് 29 മുതൽ ജൂൺ 1 വരെ മണിപ്പൂർ സന്ദർശിച്ചിരുന്നു.
മെയ് 3 ന് ഓൾ ട്രൈബൽ സ്റ്റുഡന്‍റ്സ് യൂണിയൻ (All Tribals Students Union - ATSU)) സംഘടിപ്പിച്ച റാലിയിൽ മേയ്‌പ്പൂരിൽ അക്രമം നടന്നിരുന്നു. റാലിയിൽ കുക്കി സമുദായത്തിൽ നിന്നുള്ളവരാണ് കൂടുതലായും പങ്കെടുത്തത്. ഏപ്രിൽ 19-ലെ മണിപ്പൂർ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്തെ മെയ്തേയ് സമുദായത്തെ ST വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷം വന്‍ കലാപത്തിലേയ്ക്ക് നീങ്ങുകയായിരുന്നു.
മണിപ്പൂരിലെ മലനിരകളിലും സമതല പ്രദേശങ്ങളിലും താമസിക്കുന്ന കമ്മ്യൂണിറ്റികൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും സംസ്ഥാനത്ത് സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്യുന്നു. അക്രമ സംഭവങ്ങളില്‍ അനേകം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...