Manmohan Singh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നതായി എയിംസ് അധികൃതർ
ഡെങ്കിപ്പനി സ്ഥിരീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ക്രമേണ മെച്ചപ്പെടുകയും അപകട നില തരണം ചെയ്യുകയും ചെയ്തതായി എയിംസ് അധികൃതർ അറിയിച്ചു
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് (Manmohan Singh) ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സ്ഥിരീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ക്രമേണ മെച്ചപ്പെടുകയും അപകട നില തരണം ചെയ്യുകയും ചെയ്തതായി എയിംസ് (AIIMS) അധികൃതർ അറിയിച്ചു. പ്ലേറ്റ്‌ലെറ്റുകൾ വർദ്ധിച്ചുവരികയാണെന്നും ഇപ്പോൾ അപകടനില തരണം ചെയ്തതായും അധികൃതർ വ്യക്തമാക്കി.
പനിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ബുധനാഴ്ച വൈകുന്നേരം മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിനെ എയിംസിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജിസ്റ്റ് നിതീഷ് നായിക്കിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് മൻമോഹൻ സിംഗിനെ ചികിത്സിക്കുന്നത്. ഏപ്രിലിൽ മൻമോഹൻ സിംഗ് കോവിഡ് പോസിറ്റീവാകുകയും എയിംസിൽ അഡ്മിറ്റാകുകയും ചെയ്തിരുന്നു.
നെഞ്ചിലെ അണുബാധക്കൊപ്പം അദ്ദേഹത്തിന് ശ്വാസതടസവും നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യാഴാഴ്ച മന്‍മോഹന്‍ സിംഗിനെ സന്ദർശിച്ച് ആരോഗ്യവിവരം തിരക്കിയിരുന്നു. എന്നാൽ മന്ത്രി ഫോട്ടോഗ്രാഫറെയും കൂട്ടി സന്ദർശനത്തിന് എത്തിയത് വിവാദമായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ചിത്രം പുറത്തുവിട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ച് കുടുംബവും രംഗത്തെത്തിയിരുന്നു. മന്‍സൂഖ് മാണ്ഡവ്യ മന്‍മോഹന്‍ സിംഗിനെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുന്നതിന്റെ ചിത്രമാണ് പുറത്തായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...