ഭുവനേശ്വര്‍: ഒഡീഷയിലെ മാൽക്കൻഗിരി ജില്ലയിലെ ജാന്ത്രിയില്‍ ഇന്നലെ പുലര്‍ച്ചെ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്നു മാവോയിസ്റ്റുകളുടെ മൃതദേഹം കൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 27 ആയി. തിങ്കളാഴ്ച 24 മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. പ്രദേശത്ത് തെരച്ചിലുകള്‍ തുടരുകയാണെന്നും ഇനിയും മരണസംഖ്യ ഉയരാം എന്നും വിശാഖപട്ടണം എസ്.പി രാഹുല്‍ ദേവ് ശര്‍മ്മ അഭിപ്രായപ്പെട്ടു.


അതേസമയം ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞതായി മാല്‍ക്കന്‍ഗിരി എസ്.പി മിത്രഭാനു മോഹപത്ര അറിയിച്ചു. മൃതശരീരങ്ങള്‍ എല്ലാം മാല്‍ക്കന്‍ഗിരി ജില്ലാ ആസ്ഥാനത്തെ ആശുപതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും എന്നും അദ്ദേഹം വ്യക്തമാക്കി.


60 ഓളം മാവോയിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ക്യാംപിനു നേരെ ആന്ധ്രാപ്രദേശ് സ്പെഷൽ പൊലീസും ഒഡീഷ പൊലീസും ചേർന്ന് സംയുക്തമായാണ്  തിരച്ചിലും ആക്രമണവും സംഘടിപ്പിച്ചത്. മാവോയിസ്റ്റുകളുടെ യോഗം നടത്തുന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് ഇന്നലെ രാത്രിയോടെ തന്നെ സുരക്ഷാ സേന സ്ഥലത്തെത്തിയിരുന്നു. ഏറ്റുമുട്ടൽ നടന്ന പ്രദേശത്തുനിന്ന് നാല് എകെ-47 റൈഫിളുകള്‍ ഉള്‍പ്പെടെ ഇരുപതോളം ആയുധങ്ങള്‍, ഒരു ലാപ്പ്‌ടോപ്പ്, 2.16 ലക്ഷം രൂപ എന്നിവയും കണ്ടെടുത്തു.


2013 സപ്തംബറിൽ മാല്‍ക്കന്‍ഗിരി ജില്ലയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകളെ പോലീസ് വധിച്ചിരുന്നു. മാവോയിസ്റ്റുകള്‍ക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണിത്.