പാക് നുഴഞ്ഞു കയറ്റക്കാരെ തടുക്കാം, പക്ഷെ, വെട്ടുകിളികളെ...?
ഗുജറാത്തിലെ കര്‍ഷകര്‍ക്ക് തലവേദനയായി പാക്കിസ്ഥാനില്‍നിന്നുള്ള വെട്ടുകിളികള്‍... വയലുകളിൽ വെട്ടുകിളി ആക്രമണം രൂക്ഷമായതോടെ കര്‍ഷകര്‍ വിഷമസന്ധിയില്‍...
വഡോദര: ഗുജറാത്തിലെ കര്‍ഷകര്‍ക്ക് തലവേദനയായി പാക്കിസ്ഥാനില്‍നിന്നുള്ള വെട്ടുകിളികള്‍... വയലുകളിൽ വെട്ടുകിളി ആക്രമണം രൂക്ഷമായതോടെ കര്‍ഷകര്‍ വിഷമസന്ധിയില്‍...
വെട്ടുകിളി ശല്യം മൂലം പ്രതിസന്ധിയിലായിരിക്കുന്നത് ഗുജറാത്തിലെ കര്‍ഷകരാണ്. ഇവിടുത്തെ വയലുകളില്‍ വിള തിന്നു നശിപ്പിക്കുന്ന വെട്ടുകിളികള്‍ പാക്കിസ്ഥാനില്‍നിന്നാണ് കൂട്ടത്തോടെ എത്തുന്നത്.
സംസ്ഥാനത്ത് വെട്ടുകിളി ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ ഗുജറാത്തിലേക്ക് അയച്ചിരിയ്ക്കുകയാണ്.
പാക്കിസ്ഥാനിലെ മരുപ്രദേശങ്ങളില്‍ നിന്നാണ് വെട്ടുകിളികള്‍ കൂട്ടത്തോടെ എത്തുന്നതെന്ന് വിദഗ്ധ സംഘം പറഞ്ഞു. ഗുജറാത്തിലെ വിവിധ ജില്ലകളിലെ വയലുകളിലേക്ക് ഇരച്ചെത്തി ഇവ വിളകള്‍ തിന്നുതീര്‍ക്കുകയാണ്.
കടുക്, സോയാബീൻ, ജീരകം, പരുത്തി, കുരുമുളക്, ഗോതമ്പ് തോട്ടങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവയുടെ ആക്രമണം തുടരുകയാണ്. ദശലക്ഷക്കണക്കിന് വെട്ടുകിളികളാണ് വിളവെടുപ്പിന് പാകമായ വയലുകളിലേയ്ക്ക് ഇരച്ചെത്തുന്നത്. കൂടാതെ, മിനിറ്റുകള്‍ക്കകമാണ് വിളകള്‍ തിന്നുനശിപ്പിച്ച് ഇവ കടന്നുപോകുന്നത്. ഒരു ദശാബ്ദക്കാലത്തിനിടെ ഇത്തരമൊരു കാഴ്ച കണ്ടിട്ടില്ലെന്ന് കർഷകരും പറയുന്നു.
വെട്ടുകിളികൾക്കെതിരെ കീടനാശിനി പ്രയോഗം ഉൾപ്പെടെയാണ് കേന്ദ്രസംഘത്തിന്‍റെ നീക്കം. ഇതിനു വേണ്ടി പ്രത്യേകം ഡ്രോണുകൾ ഉപയോഗിക്കാനും ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.
അതേസമയം, പടിഞ്ഞാറന്‍ രാജസ്ഥാനിലും വെട്ടുകിളി ആക്രമണം ശക്തമായിട്ടുണ്ട്. ജയ്‌സാല്‍മിര്‍, ബാര്‍മെര്‍, ജലോര്‍, ജോധ്പുര്‍, ബിക്കാനിര്‍, ശ്രീഗംഗാനഗര്‍ തുടങ്ങിയ ജില്ലകളിലാണ് ആക്രമണമെന്ന് അധികൃതര്‍ പറഞ്ഞു. വെട്ടുകിളി പ്രതിരോധം കേന്ദ്രത്തിന്‍റെ ചുമതലയായതിനാൽ സഹായം എത്തിക്കണമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.
10 ആനകള്‍ അഥവാ 2500 മനുഷ്യര്‍ക്ക് വേണ്ട ഭക്ഷണം ഇവയുടെ ഒരു സംഘം ഒരു ദിവസംകൊണ്ട് തിന്നുതീര്‍ക്കും. ഇലകള്‍, പൂക്കള്‍, പഴങ്ങള്‍, വിത്തുകള്‍, എന്തിന് മരങ്ങളുടെ തോലു പോലും ഇവ കാര്‍ന്നുതിന്നും. കൂട്ടത്തോടെ വന്നിരുന്നാല്‍തന്നെ അവയുടെ ഭാരം മൂലം ചെടികള്‍ താനേ നശിച്ചുപോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഇന്ത്യയും പാക്കിസ്ഥാനും അടക്കമുള്ള ദക്ഷിണേഷ്യന്‍ മേഖലയില്‍ ഇത്തരമൊരു വെട്ടുകിളി ആക്രമണം ഉണ്ടാവുമെന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന (എഫ്എഒ) മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ, വെട്ടുകിളി ആക്രമണത്തെക്കുറിച്ച് പഠിക്കുന്ന ലോക്സ്റ്റ് വാണി൦ഗ് ഓര്‍ഗനൈസേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് ആരോപണം.