ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം അവസാനിച്ചതോടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും മന്ത്രിമാരും ഗവര്‍ണര്‍ നരീന്ദര്‍ നാഥ് വൊഹ്റയ്ക്ക് മുന്‍പാകെ രാജിക്കത്ത് സമര്‍പ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പി.ഡി.പിക്കുള്ള പിന്തുണ പിന്‍വലിച്ചതായി ബി.ജെ.പി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നലെയാണ് മുഖ്യമന്ത്രി രാജി സമര്‍പ്പിച്ചത്. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാറിന്‍റെ ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു. സംസ്ഥാന നിയമസഭയില്‍ ബി.ജെ.പി.ക്ക് 25ഉം പിഡിപിക്ക് 28 സീറ്റുകളുമാണുള്ളത്‌.  കൂടാതെ കത്വ സംഭവത്തോടെ ബി.ജെ.പി മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചിരുന്നു. 


അതേസമയം, ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടുമെന്ന് പി.ഡി.പി വ്യക്തമാക്കി. രാഷ്ട്രീയ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ വൈകുന്നേരം 5 മണിക്ക് പി.ഡി.പി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 



2014 അവസാനത്തോടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് പിഡിപി-ബിജെപി സഖ്യം രൂപീകരിച്ചത്.  മന്ത്രിസഭയ്ക്ക് മൂന്ന് വര്‍ഷം കൂടി ശേഷിക്കവെയാണ് സഖ്യം തകര്‍ന്നത്.


ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തങ്ങള്‍ ആവതു ശ്രമിച്ചതായി പിടിപി വക്താവ് റാഫി അഹമ്മദ് മിര്‍ പറഞ്ഞു. ഇത് സംഭവിക്കാനുള്ളതായിരുന്നു, പക്ഷെ പിന്തുണ പിന്‍വലിക്കുമെന്നകാര്യത്തിന് യാതൊരു സൂചനയും ലഭിച്ചില്ല അദ്ദേഹം പറഞ്ഞു. 



വളരെ അപ്രതീക്ഷിതമായി സഖ്യം അവസാനിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനം ദേശീയ രാഷ്ട്രീയത്തെ ആകമാനം അമ്പരപ്പിച്ചിരിക്കുകയാണ്. കൂടാതെ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനാണ് സാധ്യത. ഒരു സഖ്യത്തിനും ജമ്മു കശ്മീരില്‍ ഭൂരിപക്ഷം നേടാന്‍ സാധിക്കാത്ത അവസ്ഥയാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.