ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ ഒന്നിച്ച് പോരാടാന്‍ ആഹ്വാനം ചെയ്ത് സംസ്ഥാന മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജമ്മു-കശ്മീരിന്‍റെ സുരക്ഷയ്ക്കായി പതിനായിരം സൈനികരെ കൂടി ഉൾപ്പെടുത്താനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് പോരാടണമെന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മേധാവിയുമായ മെഹബൂബ മുഫ്തി തിങ്കളാഴ്ച ആവശ്യപ്പെട്ടു. 


കൂടാതെ, വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വ കക്ഷി യോഗം വിളിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയോട് അവര്‍ അഭ്യര്‍ഥിച്ചു. ഈ സമയത്ത് കശ്മീരിനുവേണ്ടി ഒന്നിച്ചു നില്‍ക്കേണ്ടതാണ് ആവശ്യം, ട്വീറ്ററില്‍ അവര്‍ കുറിച്ചു. 


കശ്മീരിന്‍റെ പ്രത്യേക അധികാരങ്ങള്‍ എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും നടത്തുന്ന നീക്കങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി നല്‍കുന്നുണ്ട്. . കശ്മീരികള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 35ാം വകുപ്പ് റദ്ദാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നത്. തീക്കളിയാണ് കേന്ദ്രസര്‍ക്കാരിന്‍റെതെന്ന് മെഹ്ബൂബ പറഞ്ഞു.


കശ്മീരില്‍ പുറംസംസ്ഥാനക്കാര്‍ക്ക് സ്ഥിരമായി താമസിക്കാന്‍ അനുമതി നല്‍കില്ല. സ്വത്തുക്കങ്ങള്‍ വാങ്ങുന്നതിനും നിയന്ത്രണമുണ്ട്. ഈ അധികാരം കശ്മീരിന് നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35എ, ആര്‍ട്ടികള്‍ 370 എന്നീ വകുപ്പുകളാണ്. ഇത് റദ്ദാക്കുമെന്ന് നേരത്തെ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.


സംസ്ഥാനത്തിന്‍റെ പദവി സംരക്ഷിക്കാന്‍ മരണം വരെ പോരാടാന്‍ അവര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. പിഡിപിയെയും തങ്ങളുടെ നേതാക്കളെയും പീഡിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കശ്മീരിന് വേണ്ടി പോരാടുന്നത് പിഡിപി മാത്രമാണെന്നും മെഹ്ബൂബ പറഞ്ഞു.


നേരത്തെ ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്ന് കശ്മീരില്‍ ഭരണം നടത്തിയിരുന്നു മെഹ്ബൂബ. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന നിയമങ്ങള്‍ റദ്ദാക്കാനുള്ള കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ചാണ് അവര്‍ ബിജെപിയുമായി ഉടക്കിയതും സഖ്യംവിട്ടതും. തുടര്‍ന്ന് സര്‍ക്കാര്‍ വീഴുകയും കേന്ദ്രഭരണം ഏര്‍പ്പെടുത്തുകയുമായിരുന്നു.