ഭോപ്പാല്‍: മുഖ്യമന്ത്രി സ്ഥാനം കൈവിട്ടു പോയി എങ്കിലും മുന്‍ മുഖ്യമന്ത്രിയെ തിരഞ്ഞ് പോസ്റ്ററുകള്‍...  മധ്യ പ്രദേശിലാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥിനെ കാണ്മാനില്ലെന്ന്  സൂചിപ്പിക്കുന്ന പോസ്റ്ററുകള്‍ സംസ്ഥാനത്തുടനീളം പതിപ്പിച്ചിരിയ്ക്കുകയാണ്.  ചിന്ദ്വാരയിലെ കളക്ടറേറ്റ്, തഹസീല്‍ദാറുടെ ഓഫീസ്, പാര്‍ക്കുകള്‍ തുടങ്ങിയവയ്ക്ക് സമീപമാണ് പോസ്റ്ററുകള്‍ പതിപിച്ചിരിക്കുന്നത്.


മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെയും അദ്ദേഹത്തിന്‍റെ മകനും എം.പിയുമായ നകുല്‍ നാഥിനെയും കാണാനില്ലെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.  കൂടാതെ,  ഇരുവരെയും കണ്ടെത്തുന്നവര്‍ക്ക് 21,000 രൂപ പ്രതിഫലവും പോസ്റ്ററില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ നിങ്ങളെ അന്വേഷിക്കുന്നു എന്ന കുറിപ്പും പോസ്റ്ററിലുണ്ട്.


ചിന്ദ്വാരയിലെ എം.എല്‍.എയാണ് കമല്‍നാഥ്. നകുല്‍ ചിന്ദ്വാര ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എം.പിയുമാണ്.


സംസ്ഥാനത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  എന്നാല്‍, ആരാണ് പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.  വിഷയത്തില്‍ പോലീസില്‍ ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.



കടുത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവിലായിരുന്നു കമല്‍നാഥ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടത്.  കോണ്‍ഗ്രസ്‌ വിട്ടു ജ്യോതിരാദിത്യ സിന്ധ്യ ബിജെപി​യിലേക്ക്​ ചേക്കേറുകയും അദ്ദേഹത്തിന്‍റെ നീക്കങ്ങളുടെ ഫലമായി 22 എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കുകയും ചെയ്തതോടെയാണ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നിലം പതിക്കുന്നത്.
 
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെച്ചെങ്കിലും കമല്‍നാഥ് പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 
ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച്‌​ അധികാരത്തില്‍ തിരിച്ചെത്താനാവുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ.