ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സർക്കാറിനെ പ്രവർത്തിക്കാൻ മോദി അനുവദിക്കുന്നില്ലെന്നും  നരേന്ദ്ര മോദിക്ക് ഇതുവരെ ഡൽഹിയിലെ തോൽവി അംഗീകരിക്കാനായിട്ടില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 21 എം.എല്‍.എമാരെ പാര്‍ലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ചതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി തള്ളിയിരുന്നു. ഇതോടെ കെജ്രിവാള്‍ സര്‍ക്കാറിലെ 21 ആംആദ്മി എം.എല്‍.എമാര്‍ അയോഗ്യരായേക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് പുതിയ പ്രസ്താവന.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹരിയാന, രാജസ്ഥാൻ, നാഗാലാന്‍റ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെല്ലാം നിലവിൽ പാർലമെന്‍റ് സെക്രട്ടറിമാരുണ്ട്. പിന്നെ എന്തുകൊണ്ടാണ് മോദി ഡൽഹിയിലെ പാർലമെന്‍റ് സെക്രട്ടറിമാരെ മാത്രം അയോഗ്യരാക്കാൻ ശ്രമിക്കുന്നതെന്നും കെജ്രിവാൾ ചോദിച്ചു. തന്‍റെ എം.എൽ.എമാർ ഒരു രൂപ പോലും ശമ്പളം കൈപ്പറ്റാതെയാണ് പാർലമെന്‍റ് സെക്രട്ടറിമാരായി പ്രവർത്തിക്കുന്നത്. ജല വിതരണം, വൈദ്യുതി വിതരണം, സ്കൂളുകളുടേയും ആശുപത്രികളുടേയും പ്രവർത്തനം എന്നീ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുകയാണ് ഇവരുടെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.ഉപ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് കമീഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കെജ്രിവാൾ പറഞ്ഞു.  


2015 മാര്‍ച്ചിലാണ് കെജ്രിവാള്‍ 21 എം.എല്‍.എമാരെ പാര്‍ലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ചത്. ഇതിനെതിരെ ബി.ജെ.പിയും കോൺഗ്രസും രാഷ്ട്രപതിക്ക് പരാതി നൽകി. എം.എല്‍.എമാര്‍ പ്രതിഫലമുള്ള ഇരട്ടപ്പദവി വഹിച്ചെന്നായിരുന്നു പരാതി. ഇത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. ഇതില്‍ കമീഷന്‍ എം.എല്‍.എമാരോട് വിശദീകരണം ചോദിച്ചതോടെ ഡല്‍ഹി സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തി ബില്‍ കൊണ്ടുവരികയായിരുന്നു. ഈ ബില്ലാണ് കഴിഞ്ഞദിവസം രാഷ്ട്രപതി തള്ളിയത്. ഇതോടെ പാർലമെന്‍റ് സെക്രട്ടറിമാരായി നിയമിക്കപ്പെട്ട 21 എം.എൽ.എമാർ അയോഗ്യരാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്. തീരുമാനമെടുക്കാനായി രാഷ്ട്രപതി വിഷയം തെരഞ്ഞെടുപ്പ് കമീഷന് വിട്ടിരിക്കുകയാണ്