ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനങ്ങളോട് ആരോഗ്യത്തോടെ ജീവിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റ്' പദ്ധതി ഉദ്ഘാടനം ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 10 മണിക്കായിരുന്നു ഉദ്ഘാടനം. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പ്രശസ്ത കായിക താരം ധ്യാന്‍ ചന്ദിനെ മോദി അനുസ്മരിച്ചു. 


ഫിറ്റ്‌നെസും ആരോഗ്യവും ഹോക്കി സ്റ്റിക്കും വച്ച് ലോകത്തെ അതിശയിപ്പിച്ച താരമാണ് ധ്യാന്‍ ചന്ദ് എന്നായിരുന്നു മോദിയുടെ വാക്കുകള്‍.  


ആരോഗ്യമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാ പൗരന്‍മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് 'ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റി'ന് തുടക്കം കുറിച്ചിരിക്കുന്നത്. 


ചടങ്ങില്‍ ഫിറ്റ്‌നെസ് ലോഗോ പ്രകാശനം ചെയ്ത പ്രധാനമന്ത്രി ഫിറ്റ്‌നെസ് പ്രതിജ്ഞ ഏറ്റുചൊല്ലി. 




ലോക ബാഡ്മിന്‍റണ്‍ ജേതാവ് പി.വി.സിന്ധു, സ്പ്രിന്‍റര്‍ ഹിമാദാസ്, ഗുസ്തി താരങ്ങളായ ബജ്‌റ൦ഗ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങള്‍ പദ്ധതിയുടെ പ്രചാരണത്തില്‍ പങ്കാളികളായിരുന്നു.


ദൈനംദിന ജീവിതത്തിനിടയില്‍ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ട നുറുങ്ങുകള്‍ പ്രധാനമന്ത്രി പരിപാടിയില്‍ പങ്കുവച്ചു. 


പരിപാടിയുടെ ലൈവ് ടെലികാസ്റ്റിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി നിര്‍ദേശം നല്‍കിയിരുന്നു.