കേന്ദ്ര സര്‍ക്കാരിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍; വെല്ലുവിളിച്ച് ശിവസേന
മോദി സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ബിജെപിയുടെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണയുമായി ലോക്സഭ എം.പി ശത്രുഘ്നന്‍ സിന്‍ഹയും ബിജെപി ഘടകകക്ഷിയായ ശിവസേനയും രംഗത്ത്.
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ബിജെപിയുടെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണയുമായി ലോക്സഭ എം.പി ശത്രുഘ്നന്‍ സിന്‍ഹയും ബിജെപി ഘടകകക്ഷിയായ ശിവസേനയും രംഗത്ത്.
സാമ്പത്തിക നയത്തെക്കുറിച്ച് യശ്വന്ത് സിന്‍ഹ നല്‍കിയ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ബിജെപിയ്ക്കും നരേന്ദ്രമോദിയ്ക്കും കഴിയുമോ എന്ന് ശിവസേന ചോദിച്ചു. സര്‍ക്കാര്‍ നയങ്ങള്‍ രാജ്യദ്രോഹപരമാണെന്നും പാര്‍ട്ടി പത്രമായ സാമ്നയിലൂടെ ശിവസേന വിമര്‍ശിച്ചു.
സാമ്പത്തിക മാന്ദ്യം, നോട്ടുനിരോധനം, ചരക്ക് സേവന നികുതി തുടങ്ങിയ കാര്യങ്ങളില്‍ സിന്‍ഹ നടത്തിയ വിമര്‍ശനം പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താല്പര്യമാണെന്നും, അദ്ദേഹം സര്‍ക്കാരിന് മുന്നില്‍ പ്രത്യാഖാതങ്ങള്‍ ഒരു കണ്ണാടിയിലൂടെന്നപോലെ തുറന്നുകാണിക്കുകയായിരുന്നുവെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. നീതിജ്ഞനായ യശ്വന്ത് സിന്‍ഹയ്ക്ക് തെറ്റുപറ്റില്ലെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം എന്‍ഡിഎ സര്‍ക്കാരിന്‍റെ പിടിപ്പുകേട്കൊണ്ടുണ്ടായതാണെന്ന്‍ യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാന്ദ്യം പരിഹരിക്കാന്‍ ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാരിന് ആവശ്യത്തിന് സമയം ലഭിച്ചിരുന്നു. സാമ്പത്തിക രംഗം മോശമായിരുന്ന അവസ്ഥയില്‍ നോട്ട് അസാധുവാക്കല്‍ പോലുള്ള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തിടുക്കം കാട്ടിയത്. അതിനൊപ്പം ചരക്ക് സേവന നികുതി (ജിഎസ്ടി) കൂടി നടപ്പിലാക്കിയതോടെ പ്രശ്നം രൂക്ഷമാക്കിയതായി യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി.