ഗുരുവായൂര്‍: മക്കളുടെ വിവാഹ കത്തുകള്‍ ഗുരുവായൂരപ്പന് സമര്‍പ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂരിലെത്തി. മക്കളായ ഇഷയുടെയും ആകാശിന്‍റെയും വിവാഹക്ഷണക്കത്തുകളാണ് മുകേഷ് അംബാനി സോപാനപ്പടിയില്‍ സമര്‍പ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോപാനത്തില്‍ സമര്‍പ്പിച്ച കത്ത് പിന്നീട് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് ഏറ്റുവാങ്ങി. ഡിസംബര്‍ 12 നാണ് വിവാഹം. ക്ഷണക്കത്തും അതുവെച്ച അലങ്കാരപ്പെട്ടിയും നേരത്തേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.


തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ക്ഷണക്കത്ത് സമര്‍പ്പിച്ചശേഷമാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ഗുരുവായൂരപ്പനെ തൊഴുതശേഷം മുകേഷ് അംബാനിയും മകന്‍ ആനന്ദ് അംബാനിയും നെയ്യും കദളിക്കുലയും വഴിപാടായി നല്‍കി. ഭണ്ഡാരത്തില്‍ കാണിക്കയര്‍പ്പിച്ചു. മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്പൂതിരിയില്‍ നിന്ന് പ്രസാദവും വാങ്ങി.


ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളെജ് മൈതാനിയില്‍ സ്വന്തം ഹെലികോപ്റ്ററിലാണ് മുകേഷും സംഘവുമിറങ്ങിയത്. അവിടെ നിന്ന് റോഡ് മാര്‍ഗം ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി. 9.45ന് ക്ഷേത്രത്തിലേക്ക് പോയി. 10ന് പുറത്തുകടന്ന് ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചശേഷം 10.15ന് തിരിച്ചുപോയി.


ദേവസ്വം ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത്, കെ.കെ. രാമചന്ദ്രന്‍, ഉഴമലയ്ക്കല്‍ വേണുഗോപാലന്‍, പി. ഗോപിനാഥ്, എം. വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. ശങ്കുണ്ണിരാജ് എന്നിവരും സന്നിഹിതരായിരുന്നു.


പിന്നീട് രാമേശ്വരത്തെ ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തിലെത്തിയും മുകേഷ് അംബാനി ക്ഷണക്കത്ത് സമര്‍പ്പിച്ചു. ക്ഷേത്രത്തിനായി 55,000 രൂപ സംഭാവനയും നല്‍കി.