ന്യൂഡൽഹി: തന്‍റെ മന്‍ കി ബാത്ത് തുറന്നു പറഞ്ഞ് മുലായം സിംഗ് യാദവ്. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനത്തിൽ സംസാരിക്കുകവെയായിരുന്നു അദ്ദേഹം തന്‍റെ മനസ്സിലിരുപ്പ് തുറന്നു പറഞ്ഞത്. എല്ലാം എം.പിമാരും വീണ്ടും ജയിച്ചു വരട്ടെയെന്ന് ആശംസിക്കുന്നുവെന്നും. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകട്ടെയെന്ന് ആഗ്രഹിക്കുന്നതായും നിറഞ്ഞ കയ്യടികൾക്കിടെയാണ് അദ്ദേഹം പറഞ്ഞത്. 


പ്രധാനമന്ത്രി ഇതിനെ ചിരിയോടെ സ്വാഗതം ചെയ്യുകയും ചെയ്തു. എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചതായും അദ്ദേഹം എടുത്തു പറഞ്ഞു. ഇതു കേട്ടതോടെ നരേന്ദ്രമോദി കൈകൂപ്പി സഭയിലിരിക്കുന്നവരെ നന്ദി അറിയിച്ചു.


ഇത്തരം അഭിവാദ്യങ്ങള്‍ സോണിയ ഗാന്ധിയുടെ അടുത്തിരുന്നാണ് മുലായം നല്‍കിയത്.


ബിജെപിക്കെതിരെ യുപിയിൽ ബിഎസ്പിക്കൊപ്പം ഒരുമിച്ച് നിന്ന് മത്സരിക്കുന്ന സമാജ്‌വാദി പാർട്ടിക്ക് തിരിച്ചടിയാണ് മുലായം സിംഗിന്റെ ഈ ആശംസ. എല്ലാ എം.പിമാരും ജയിച്ചു വരട്ടെ എന്നത് സാധാരണ ആശംസയായി കരുതിയാൽ പോലും മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് മുലായം പറഞ്ഞത് പാർട്ടിയെ ബാധിക്കുമെന്നതിൽ സംശയമില്ല.


അഖിലേഷ് യാദവുമായി സ്വരച്ചേർച്ചയിലല്ലാത്ത മുലായം സിംഗ് യാദവും ബന്ധു ശിവപാൽ യാദവും സഖ്യത്തിന് ഭീഷണിയാകുമെന്നാണ് കരുതപ്പെടുന്നത്. എല്ലാ ലോക്സഭാ സീറ്റിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ശിവപാൽ യാദവും വ്യക്തമാക്കിയിട്ടുണ്ട്.