ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിം​ഗ് യാദവ് (82) അന്തരിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എട്ട് തവണ നിയമസഭാം​ഗവും മൂന്ന് തവണ യുപി മുഖ്യമന്ത്രിയുമായി. ഏഴ് തവണ ലോക്സഭാം​ഗമായി. സമാജ് വാദി പാർട്ടിയുടെ സ്ഥാപക നേതാവാണ് മുലായംസിം​ഗ് യാദവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുസ്തിക്കളത്തിൽ നിന്ന് രാഷ്ട്രീയ ഗോദയിലേക്കിറങ്ങിയ നേതാവാണ് മുലായംസിംഗ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച ഒരു സോഷ്യലിസ്റ്റ് രാഷ്ട്രീയ ഫയൽവാനാണ് മുലായം. മധ്യ ഉത്തർപ്രദേശിലെ ഇറ്റാവയിലെ  കർഷക കുടുംബത്തിൽ 1939 നവംബർ 22 നായിരുന്നു മുലായംസിംഗ് യാദവിന്റെ ജനനം. മകനെ ഗുസ്തിക്കാരനായി കാണാനായിരുന്നു പിതാവ് സുധർ സിംഗ് ആഗ്രഹിച്ചത്. പക്ഷെ മെയ്ൻപുരിയിലെ ഒരു ഗുസ്തിപ്പോരാട്ട വേദിയിൽ നിന്നും രാഷ്ട്രീയ ഗോദയിലെ വേഷമാണ് മുലായം എന്ന യാദവ യുവാവിന് ഇണങ്ങുന്നതെന്ന് തിരിച്ചറിഞ്ഞത് പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായ നത്തു സിംഗാണ്. മുലായത്തിന്റെ രാഷ്ട്രീയ ഗുരുവാണ് നത്തു സിംഗ്. 


സോഷ്യലിസ്റ്റ് നേതാവ് റാം മനോഹർ ലോഹ്യയായിരുന്നു മുലായമിനെ സ്വാധീനിച്ച നേതാവ്. ജനങ്ങളുടെ സമത്വത്തെക്കുറിച്ചും മറ്റ് സാമൂഹിക-നീതി പ്രശ്‌നങ്ങളെക്കുറിച്ചും ലോഹ്യയുടെ ബോധ്യങ്ങൾ മുലാമിനെ ഏറെ ആകർഷിച്ചു. താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളുടെയും ന്യൂനപക്ഷ മുസ്ലീം ജനതയുടെയും അവകാശങ്ങൾക്കായി നിലകൊള്ളുന്നതിനും അദ്ദേഹം നിലകൊണ്ടു. ലോഹ്യയുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള  മുലായം സിംഗ് യാദവിന്റെ പ്രവർത്തനങ്ങളാണ് ഇന്ത്യൻ രാഷ്ട്രീയത്തിലും ഹിന്ദി ഹൃത്തടത്തിലും തുടർന്നുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്തിയത്.


ആഗ്ര സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ  മുലായം സിംഗ് 1967-ൽ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ച്  നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. 74ലും വിജയം ആവർത്തിച്ചങ്കിലും 1975-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ ദേശീയ അടിയന്തരാവസ്ഥയിൽ അറസ്റ്റിലായി. 19 മാസം ജയിലിൽ കഴിഞ്ഞു. 1977-ൽ മോചിതനായ ശേഷം വീണ്ടും നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. ഉത്തർപ്രദേശിലെ ലോക് ദളിന്റെ പ്രസിഡന്റായി. പക്ഷെ വർഷാവസാനം പാർട്ടി പിളർന്നു. ലോക് ദൾ -ബിയുടെ അധ്യക്ഷനായി. 1980ൽ പാർട്ടി ജനതാദൾ ആയി മാറി. 1985 ൽ പ്രതിപക്ഷത്തെ നയിച്ചു.


1999 ൽ ലോകസഭയിലേക്ക് സംഭാൽ, കനൗജ് എന്നീ മണ്ഡലങ്ങളിൽ മൽസരിച്ച് വിജയിച്ചു. കനൗജ് മണ്ഡലം രാജി വെച്ച് സംഭാൽ നില നിർത്തി. 2003 ൽ ലോകസഭാംഗമായിരിക്കെ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയാകുകയും 2004 ജനുവരിയിൽ ഗുണ്ണാർ നിയമസഭാമണ്ഡലത്തിൽ നിന്ന് ജനവിധി നേടി വിജയിക്കുകയും ചെയ്തു. 2004 ൽ പൊതുതിരഞ്ഞെടുപ്പിൽ നിയമസഭാംഗമായിരിക്കെ ലോകസഭയിലേക്ക് മെയിൻപുരി മണ്ഡലത്തിൽ നിന്ന് ജനവിധി തേടുകയും വിജയിക്കുകയും ചെയ്തു. പക്ഷെ തിരഞ്ഞെടുപ്പിന് ശേഷം മെയിൻപുരി മണ്ഡലത്തിൽ നിന്ന് രാജി വെച്ച് നിയമസഭാംഗമായി തുടർന്നു. 2014 ൽ അസംഗഡ്, മെയിൻപുരി മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുകയും വിജയിക്കുകയും ചെയ്തു. മെയിൻപുരി മണ്ഡലത്തിൽ നിന്ന് രാജി വെച്ച് അസംഗഡ് നിലനിർത്തി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.